വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എൽസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിക്ക് 26.56 കോടി നഷ്ടപരിഹാരം
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത് ടൗണ്‍ഷിപ്പ് നിർമിക്കുന്ന കൽപ്പറ്റ എൽസ്റ്റ്ണ് എസ്റ്റേറ്റ് ഭൂമിക്ക് 26.56 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
എൽസ്റ്റണ്‍ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനു വിശദ വില വിവര റിപ്പോർട്ടിൽ പരാമർശിച്ച 26,56,10,769 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് അനുവദിക്കുക. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴു കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠന ആവശ്യത്തിനായി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും.
18 വയസുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് ധനസഹായം നൽകുക. വനിത -ശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷാകർത്താവിന് ഓരോ മാസവും നൽകുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിർവഹണ യൂണിറ്റിൽ വിവിധ തസ്തികകൾ അനുവദിച്ചു. അക്കൗണ്ട്സ് ഓഫീസർ, സിവിൽ എൻജിനിയർ എന്നീ തസ്തികകൾ സൃഷ്ടിക്കും.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ എന്ന തസ്തിക ഫിനാൻസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്യും. സ്റ്റാഫിന്റെ നിയമനം നടത്താനുള്ള നടപടി സ്വീകരിക്കാൻ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷൽ ഓഫീസർക്ക് അനുമതി നൽകും. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷൽ ഓഫീസറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.