കെ.സി. വേണുഗോപാലിന് പുരസ്കാരം
Friday, March 21, 2025 1:04 AM IST
കൊച്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) കുവൈറ്റ് ദേശീയ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമ പ്രവാസി പുരസ്കാരം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിക്ക്. പാര്‍ലമെന്ററി രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്കാരം.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മേയ് ഒമ്പതിന് കുവൈറ്റില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് കുവൈറ്റ് ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ്, കുവൈറ്റ് ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡോ. ആസിഫ് അലി അധ്യക്ഷനും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോര്‍ജ് കള്ളിവയലില്‍, എഴുത്തുകാരി സുധാ മേനോന് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്.