കോടതിയിൽ കുഴഞ്ഞുവീണ് ആശുപത്രിയിലാകുന്ന പ്രവണത തടയണമെന്ന് ഹൈക്കോടതി
Friday, March 21, 2025 1:04 AM IST
കൊച്ചി: കേസില്‍ പ്രതിയാകുന്നവര്‍ കോടതിയിലെത്തുമ്പോള്‍ കുഴഞ്ഞുവീണ് ആശുപത്രിയിലാകുന്ന രീതി തടയണമെന്നു ഹൈക്കോടതി.
ജയിലില്‍ തടവുകാര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള സൗകര്യമടക്കം ഉണ്ടോയെന്ന് അറിയിക്കണമെന്നും ജയില്‍ ഡിജിപിയെ കേസില്‍ കക്ഷിചേര്‍ത്ത് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് നിര്‍ദേശം നല്കി. പാതിവില തട്ടിപ്പുകേസിലെ പ്രതി കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യഹര്ജിയിലാണു നിര്‍ദേശം.
ആരോഗ്യപ്രശ്നം ഉന്നയിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് അറിയിച്ചപ്പോള്‍ ഒരാളുടെ കാര്യമായല്ല, പൊതുവിഷയമാണ് ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുപടി.
തടവുകാര്‍ക്ക് ആരോഗ്യപ്രശ്നമുണ്ടായാല്‍ ജയിലധികൃതര്‍ക്കു ശ്രദ്ധിക്കാന്‍ കഴിയുമോയെന്നാണു പരിശോധിക്കുന്നത്. പാതിവില തട്ടിപ്പുകേസില്‍ ഹര്ജിക്കാരന് ഒന്നാം പ്രതിയുമായുള്ള ബന്ധം എന്താണെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടോയെന്നും അറിയിക്കാനും കോടതി ചോദിച്ചു.