ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിലെത്തി വെട്ടി പരിക്കേൽപ്പിച്ചു
Friday, March 21, 2025 1:04 AM IST
തളിപ്പറന്പ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ആലക്കോട് അരങ്ങത്തെ അനുപമയെയാണ് (39) ഭർത്താവ് കാർത്തികപുരം സ്വദേശി കെ. അനുരൂപ് (41) വെട്ടി പരിക്കേൽപ്പിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.10ന് തളിപ്പറന്പിനടുത്ത പൂവം എസ്ബിഐ ശാഖയിലായിരുന്നു സംഭവം. അനുപമയെ ബാങ്കിനു പുറത്തേക്കു വിളിച്ചുവരുത്തിയ ശേഷം കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
വെട്ടേറ്റ അനുപമ ബാങ്കിനകത്തേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വീണ്ടും വെട്ടുകയായിരുന്നു. തലയ്ക്കും ചുമലിനുമായി വെട്ടേറ്റ അനുപമയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേർന്ന് പിടികൂടി കെട്ടിയിട്ട് പോലീസിൽ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടുംബപ്രശ്നമാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. വാഹനവില്പന സ്ഥാപനത്തിലെ ജീവനക്കാരനാണ് അനുരൂപ്.