റാഗിംഗ്: കര്‍മസമിതി ഒരാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി
Thursday, March 20, 2025 2:01 AM IST
കൊച്ചി: റാഗിംഗ് വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കര്‍മസമിതി രൂപീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
സര്‍ക്കാർ ഒരു മാസം സാവകാശം തേടിയെങ്കിലും അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാല്‍ ഒരു മാസത്തെ താമസം അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ഒരാഴ്ചയ്ക്കകം സമിതി രൂപീകരിച്ച് വിവരം അറിയിക്കാന്‍ നിർദേശിക്കുകയായിരുന്നു.
സംസ്ഥാനത്ത് റാഗിംഗ് വിരുദ്ധ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
റാഗിംഗ് തടയാനുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ച് ശിപാര്‍ശകള്‍ നല്‍കാനായി വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപീകരിക്കാന്‍ ഈ മാസം അഞ്ചിന് കോടതി ഉത്തരവിട്ടിരുന്നു. രണ്ടാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഒരുമാസംകൂടി ലഭ്യമാക്കണമെന്ന് ആഭ്യന്തരവകുപ്പ് ഇന്നലെ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
നടപടികള്‍ അത്രയും നീട്ടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 26ന് കര്‍മസമിതിയുടെ ഘടന സംബന്ധിച്ച കരട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കി.
ഹര്‍ജിയില്‍ കക്ഷിചേരാന്‍ രമേശ് ചെന്നിത്തല എംഎല്‍എയും പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിംഗിനിരയായി മരിച്ച സിദ്ധാര്‍ഥന്റെ അമ്മ ഷീബയും ഉപഹര്‍ജികള്‍ നല്‍കിയിരുന്നു. ഇവരുടെയും മറ്റു കക്ഷികളുടെയും അഭിപ്രായങ്ങള്‍ ആദ്യം കര്‍മസമിതിയില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ആഭ്യന്തര സെക്രട്ടറിയെ കേസില്‍ കക്ഷിചേര്‍ത്ത കോടതി, കര്‍മസമിതിയില്‍ യുജിസിയുടെയും കെല്‍സയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്നും നിര്‍ദേശിച്ചു.