ജാനകിക്കും കുടുംബത്തിനും വീട് തിരികെ കിട്ടി
Friday, March 21, 2025 1:04 AM IST
ഡാജി ഓടയ്ക്കൽ
കുന്നുംകൈ: ആലപ്പുഴ സ്വദേശിയായ പ്രവാസി വ്യവസായി ഉണ്ണികൃഷ്ണൻ മന്നത്തിന് കാസർഗോഡ് പരപ്പച്ചാലിലെ ജാനകിയെയും മകൻ വിജേഷിനെയും ഇന്നലെ വരെ പരിചയമുണ്ടായിരുന്നില്ല. പക്ഷേ കടബാധ്യതയുടെ പേരിൽ വയോധികയായ ജാനകിയും മകൻ വിജേഷും ഭാര്യ വിപിനയും രണ്ടു ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബത്തെ പുറത്താക്കി വീട് പൂട്ടി ജപ്തിചെയ്ത കേരള ബാങ്കിന്റെ നടപടി ഇന്നലെ ദീപികയിലൂടെയും തുടർന്ന് വിവിധ വാർത്താചാനലുകളിലൂടെയും കേരളമാകെ വാർത്തയായപ്പോൾ കടബാധ്യത തീർത്ത് അവർക്കു വീട് തിരികെ വാങ്ങിക്കൊടുക്കാൻ ഉണ്ണിക്കൃഷ്ണൻ മുന്നിട്ടിറങ്ങി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുമനസ്സുകൾ ഒപ്പംചേർന്നു നിന്നപ്പോൾ ജാനകിക്കും വിജേഷിനും കുടുംബത്തിനും കിടപ്പാടം തിരികെക്കിട്ടി.
വിജേഷ് എടുത്ത വായ്പയുടെ മുതൽ അടച്ചുതീർക്കാൻ താൻ തയാറാണെന്ന് ഉണ്ണിക്കൃഷ്ണൻ ഇന്നലെ ഉച്ചയോടെയാണു കേരള ബാങ്ക് അധികൃതരെ അറിയിച്ചത്. തുടർന്ന് പലിശ ഇളവുചെയ്ത് നല്കാൻ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അനുമതി നല്കി.
വൈകുന്നേരത്തോടെ ബാങ്കിന്റെ നീലേശ്വരം ശാഖയിൽനിന്നുള്ള പ്രതിനിധികൾ പരപ്പച്ചാലിലെത്തി പൂട്ടു പൊളിച്ച് വീട് തുറന്നുനല്കി. വന്യമൃഗങ്ങൾ പോലും ഇറങ്ങുന്ന പ്രദേശത്ത് ഒരു രാത്രി കുട്ടികൾക്കൊപ്പം വരാന്തയിൽ കിടക്കേണ്ടിവന്നതിന്റെ ഭീതിയിൽനിന്നു ജാനകിയും വിജേഷും കുടുംബവും കരകയറി.
ഇന്നലെ രാവിലെ മുതൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും വിജേഷിന്റെ കുടുംബത്തിനു സഹായങ്ങളെത്തിത്തുടങ്ങിയിരുന്നു. ഇതോടെ ബാധ്യതയുടെ ഒരു ഭാഗമെങ്കിലും അടച്ചുതീർത്ത് ബാങ്കിൽനിന്ന് കൂടുതൽ സാവകാശം തേടാമെന്ന ആലോചനയായിരുന്നു. ഇതിനിടയിലാണ് ഉണ്ണിക്കൃഷ്ണന്റെ സഹായഹസ്തമെത്തിയത്. ഇന്നോളം കണ്ടിട്ടില്ലാത്ത വിജേഷിന്റെ കടബാധ്യത തീർക്കുന്നതിനായി 1,92,860 രൂപയാണ് ഉണ്ണിക്കൃഷ്ണൻ കേരള ബാങ്കിൽ അടച്ചത്.
ഏതാനും വർഷം മുമ്പ് ഒരു റബർ തോട്ടം കടുംവെട്ടിനായി പാട്ടത്തിനെടുക്കാനാണ് കർഷകത്തൊഴിലാളിയായ വിജേഷ് അന്നത്തെ ജില്ലാ സഹകരണ ബാങ്കിന്റെ നീലേശ്വരം ശാഖയിൽനിന്ന് രണ്ടുലക്ഷം രൂപ വായ്പയെടുത്തത്.
പിന്നീട് വിജേഷ് തെങ്ങിൽനിന്ന് വീണ് ചികിത്സയിലായതോടെ തിരിച്ചടവ് മുടങ്ങി വായ്പയും പലിശയും ചേർത്ത് നാലുലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയാവുകയായിരുന്നു.