കേരള സ്പോര്‍ട്സ് നിയമ ഭേദഗതി, സര്‍വകലാശാല ഭേദഗതി ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: കേരള സ്പോര്‍ട്സ് നിയമ ഭേദഗതി ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ എന്നിവ ഇന്നലെ നിയമസഭയിൽ ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
ഓണ്‍ലൈന്‍ സ്പോര്‍ട്സ് ഗെയിമുകളുടെ പ്രോത്സാഹനവും കായിക മേഖലയില്‍ സ്വകാര്യ നിക്ഷേപവും വ്യവസ്ഥ ചെയ്യുന്ന കേരള സ്പോര്‍ട്സ് നിയമ ഭേദഗതി ബില്‍ സ്പോര്‍ട്സ് മന്ത്രി വി. അബ്ദുറഹ്മാനാണ് ബില്‍ അവതരിപ്പിച്ചത്.
കേരള കായിക നയം-2023ന്റെ അടിസ്ഥാനത്തില്‍ 2000ത്തിലെ കേരള സ്പോര്‍ട്സ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ളതാണ് ബില്ല്. സ്പോര്‍ട്സ് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം, സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണം, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ പങ്കാളിത്ത സ്വഭാവം കൊണ്ടുവരാനും സ്പോര്‍ട്സ് അടിസ്ഥാന സൗകര്യങ്ങളുടെയും സ്പോര്‍ട്സ് അക്കാദമികളുടെയും നിര്‍മാണത്തിലും സ്പോര്‍ട്സ് മേളകളുടെ നടത്തിപ്പിനും സ്വകാര്യ മേഖലയില്‍നിന്ന് നിക്ഷേപം കൊണ്ടുവരാനുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വൈകിയ സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സര്‍വകലാശാലയുടെ ഭരണ, അക്കാദമിക കാര്യങ്ങളില്‍ ഉള്‍പ്പെടെ ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തില്‍ അന്വേഷണം പ്രഖ്യാപിക്കാനും ഏത് ഫയലുകളും വിളിച്ചുവരുത്താനും മന്ത്രിക്ക് അധികാരം നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. നിലവില്‍ വിസിയുടെ അധികാര പരിധിയില്‍ വരുന്ന പല കാര്യങ്ങളിലും സിന്‍ഡിക്കറ്റിന് അധികാരം നല്കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലകളില്‍ നേരിട്ട് ഇടപെടാന്‍ അധികാരം നല്കുന്ന ബില്ലിലെ വിവാദ വ്യവസ്ഥകളെ തുടര്‍ന്നാണ് ഗവര്‍ണര്‍ മുന്‍കൂര്‍ അനുമതി നല്‍കാതിരുന്നത്. ഇതേത്തുടര്‍ന്ന് നേരത്തേ ബില്ലിന്റെ അവതരണം മാറ്റിവച്ചിരുന്നു.