അധ്യാപക നിയമനവിധി അട്ടിമറിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: ടീച്ചേഴ്സ് ഗില്‍ഡ്
Thursday, March 20, 2025 2:01 AM IST
കൊച്ചി: അധ്യാപക നിയമന കാര്യത്തില്‍ സുപ്രീംകോടതി വിധി വന്നിട്ടും എന്‍എസ്എസ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ മാത്രമേ അംഗീകരിക്കൂ എന്നറിയിച്ചു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കേരളത്തിലെ അധ്യാപകനിയമനങ്ങള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പൊതുവിദ്യഭ്യാസ മേഖലയെ തകര്‍ക്കുന്ന ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കോടതിവിധിയില്‍ 2023 ജൂലൈ 12ലെ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി റദ്ദാക്കുകയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഒഴിവുകള്‍ ഒഴിച്ച് മറ്റ് ഒഴിവുകളിലേക്കു നിയമനം നടത്താന്‍ അനുവാദം നല്കിയിട്ടുള്ളതുമാണ്.
കൂടാതെ എന്‍എസ്എസും സമാന സാഹചര്യങ്ങളുള്ള മറ്റു സൊസൈറ്റികളും ഭിന്നശേഷി സംവരണ ഒഴിവുകള്‍ നികത്തേണ്ടതും മറ്റ് ഒഴിവുകള്‍ ക്രമപ്പെടുത്താനുള്ള പ്രപ്പോസല്‍ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ച് സര്‍ക്കാര്‍ വേഗത്തില്‍ തീരുമാനമെടുക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ മേഖലയോട് ആത്മാർഥതയുണ്ടെങ്കില്‍ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കി മുഴുവന്‍ അധ്യാപക നിയമന അംഗീകാരവും നല്കാന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി വാക്കോ അറയ്ക്കല്‍, ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, പി.ജെ. ആന്റണി, ബിജു പി. ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഫെലിക്സ് ജോ തുടങ്ങിയവരും പങ്കെടുത്തു.