നാലു മാസം പ്രായമായ കുഞ്ഞിനെ 12 വയസുള്ള കുട്ടി കിണറ്റിലിട്ടു കൊന്നു
Wednesday, March 19, 2025 2:18 AM IST
കണ്ണൂർ: പാപ്പിനിശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുട്ടിയെ ബന്ധുവായ പന്ത്രണ്ടുകാരി കിണറ്റിലിട്ടു കൊന്നു. തമിഴ്നാട് പെരുമ്പല്ലൂർ സ്വദേശി മുത്തു-അക്കമ്മൽ ദന്പതികളുടെ മകൾ യാസികയാണു മരിച്ചത്.
എസിപി ടി. കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു കൊലപാതകത്തിനു പിന്നിൽ മുത്തുവിന്റെ സഹോദരപുത്രിയായ പന്ത്രണ്ടുകാരിയാണെന്നാണു കണ്ടെത്തിയത്. പെൺകുട്ടിയെ ജുവനൈൽ ബോർഡ് മുന്പാകെ ഹാജരാക്കി.
തിങ്കളാഴ്ച രാത്രി 11.15നാണ് പാറക്കലിൽ കുടുംബം താമസിക്കുന്ന വാടകക്വാർട്ടേഴ്സിലെ കിണറ്റിൽ നാലുമാസം പ്രായമായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ക്വാർട്ടേഴ്സിലെ സെൻട്രൽ ഹാളിൽ അമ്മയുടെയും അച്ഛന്റെ സഹോദരങ്ങളുടെ കുട്ടികളുടെയും കൂടെ കിടന്നുറങ്ങിയതായിരുന്നു കുഞ്ഞ്.
12 വയസുകാരി രാത്രി ഒന്പതരയോടെ ശുചിമുറിയിൽ പോയി തിരിച്ചുവന്നപ്പോൾ കുഞ്ഞിനെ കാണുന്നില്ലെന്നു മറ്റുള്ളവരോട് പറയുകയായിരുന്നു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുട ർന്ന് കെട്ടിടത്തിന്റെ മുകൾ നിലയിലെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ അടുക്കളഭാഗത്തു നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത്.
ഉടൻ മറ്റുള്ളവരെ വിവരം അറിയിക്കുകയും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കുട്ടിയെ പുറത്തെടുത്ത് പാപ്പിനിശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു.
വളപട്ടണം പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
തിങ്കളാഴ്ച രാത്രിതന്നെ കുഞ്ഞിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പന്ത്രണ്ടുകാരിയെയും ഇതര സംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യംചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്നലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കാര്യങ്ങൾ പോലീസിനോട് സമ്മതിച്ചത്.
നാലുമാസം പ്രായമുള്ള കുഞ്ഞു കാരണം, മാതാപിതാക്കൾ നഷ്ടപ്പെട്ട തന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമെന്ന സംശയത്താലാണു കുഞ്ഞിനെ കിണറ്റിലിട്ടതെന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്.
കുറ്റം സമ്മതിച്ചത് ഭഗവാന്റെ ചിത്രം കൈയിൽ കൊടുത്തപ്പോൾ
കണ്ണൂർ: തിങ്കളാഴ്ച രാത്രിതന്നെ പോലീസ് പന്ത്രണ്ടുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തുടക്കത്തിൽ പോലീസിന് സംശയമൊന്നും തോന്നിയിരുന്നില്ല. രാത്രി 9.30 തോടെ താൻ ശുചിമുറിയിൽ പോകുന്പാൾ കുഞ്ഞ് ഹാളിൽ കിടക്കുന്നുണ്ടായിരുന്നെന്നും തിരികെ വരുമ്പോൾ കുഞ്ഞിനെ കാണുന്നില്ലെന്നുമുള്ള പന്ത്രണ്ടുകാരിയുടെ മൊഴി പോലീസിൽ സംശയമുയർത്തി.
പിന്നീട് പെൺകുട്ടിയെ കണ്ണൂർ വനിതാ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല. തുടർന്ന് എസിപി ടി.കെ. രത്നകുമാർ കുട്ടിക്ക് സുബ്രഹ്മണ്യസ്വാമിയുടെ ചിത്രം കൈയിൽ വച്ചുകൊടുത്തു. ഭഗവാനെ കൈയിൽ വച്ച് സത്യം പറയണമെന്നും മോൾ കുഞ്ഞിനെ കിണറ്റിൽ ഇട്ടോയെന്നും ചോദിച്ചു. ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ താൻ എടുത്തു കിണറ്റിലിട്ടുവെന്നും നാലുമാസം പ്രായമായ കുട്ടി വളർന്നാൽ അമ്മാവുക്കും അപ്പാവുക്കും തന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമോയെന്ന ഭയന്നാണ് ഇതു ചെയ്തെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഒരുവർഷം മുന്പാണ് മുത്തുവിന്റെയും അക്കമ്മലിന്റെയും വിവാഹം നടന്നത്.
പന്ത്രണ്ടുകാരിയായ കുട്ടിയുടെ അമ്മ കുടുംബത്തെ ഉപേക്ഷിച്ച് പോകുകയും മൂന്നു മാസം മുന്പ് അച്ഛൻ മരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഒരു മാസം മുന്പാണ് പന്ത്രണ്ടുകാരി അച്ഛന്റെ സഹോദരനായ മുത്തുവിനൊപ്പം കണ്ണൂരിലെത്തിയത്. ആക്രി പെറുക്കാനും മറ്റും മുത്തുവിനെ സഹായിച്ചു വരികയായിരുന്നു.