ഭരണപക്ഷത്തിന്റെ ഉപദേശം സ്വീകരിക്കാനാകാതെ വിഷ്ണുനാഥ്
Thursday, March 20, 2025 2:01 AM IST
സാബു ജോണ്
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദികൾ കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ ആണെന്നാണ് കേരളത്തിലെ ഭരണകക്ഷിക്കാർ നിയമസഭയിൽ ആവർത്തിച്ചു പറയുന്നത്. അവർ കേരളത്തിന്റെ അവകാശങ്ങൾ ചോദിച്ചു വാങ്ങിക്കുന്നില്ല.കേന്ദ്രമന്ത്രിമാർ കേരളത്തെ അധിക്ഷേപിക്കുന്പോൾ എതിർക്കുന്നില്ല. അങ്ങനെ പോകുന്നു കുറ്റാരോപണങ്ങൾ.
പി.സി. വിഷ്ണുനാഥ് ഇതിനു മറുപടി നൽകിയത് 2015 മാർച്ച് 13നു നിയമസഭയിൽ കെ.എം. മാണി ബജറ്റ് അവതരിപ്പിച്ച ദിവസം പുനരവതരിപ്പിച്ചു കൊണ്ടാണ്. സ്പീക്കറുടെ കസേര താഴേക്കു വലിച്ചിട്ടതും കംപ്യൂട്ടറും മൈക്കുമെല്ലാം തല്ലിത്തകർത്തതും കെ.എം. മാണിയെ തങ്ങൾ ആനയിച്ചു സഭയിലേക്കു കൊണ്ടു വന്നതുമെല്ലാം വിഷ്ണുനാഥ് വിശദമായി അവതരിപ്പിച്ചു.
അന്നത്തെ പ്രതിപക്ഷത്തെ പല അംഗങ്ങളും അന്നു ഡസ്കിനു മുകളിലൂടെ പറക്കുകയായിരുന്നു. ഇതെല്ലാം ചെയ്ത നിങ്ങളുടെ ഉപദേശം സ്വീകരിക്കാൻ പ്രയാസമുണ്ടെന്ന് വിഷ്ണുനാഥ് ഭരണപക്ഷത്തോടു വെട്ടിത്തുറന്നു പറഞ്ഞു. ബജറ്റ് അവതരണ ദിവസത്തെ താരങ്ങളിൽ ഒരാളായിരുന്ന കെ.ടി. ജലീലും ഇതു കേൾക്കാൻ സഭയിലുണ്ടായിരുന്നു.
ഡൽഹിയിൽ കേന്ദ്രത്തെ വിമർശിച്ചാൽ രാജ്യദ്രോഹിയാകും, ഇവിടെ വന്നു സർക്കാരിനെ വിമർശിച്ചാൽ കേരള വിരോധിയുമാകും. പ്രതിപക്ഷം നേരിടുന്ന ദുരവസ്ഥ വിഷ്ണുനാഥ് പങ്കുവച്ചത് ഇങ്ങനെ.
മുന്പു മോദിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിനു പ്രേമചന്ദ്രനെ സംഘി എന്നുൾപ്പെടെ വിളിച്ച് ഇടതുപക്ഷക്കാർ വിമർശിച്ചത് ഓർത്തെടുത്ത എം. വിൻസന്റിന് ഒരു സംശയം. ബിജെപിയുടെ പ്രമുഖ നേതാവായ ധനമന്ത്രി നിർമല സീതാരാമനുമായി ഒത്തിരുന്നു പ്രഭാതഭക്ഷണം കഴിച്ച മുഖ്യമന്ത്രി പിണറായി വിജയനെ എന്തു വിളിക്കണം? അതോ ഉച്ചഭക്ഷണം കഴിച്ചാലേ പ്രശ്നമുള്ളോ, പ്രഭാതഭക്ഷണം കഴിക്കുന്നതിനു വിലക്കില്ലേ? വിൻസന്റിനു മറുപടി നൽകിയത് കെ. ബാബു (നെന്മാറ) ആണ്. നിരവധിയായ പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കേരളത്തെ മുന്നിൽനിന്നു നയിച്ച നേതാവിനെ ജനങ്ങൾ വിളിച്ച ഇരട്ടച്ചങ്കൻ എന്നു വിളിക്കാം, അല്ലെങ്കിൽ ക്യാപ്റ്റൻ എന്നു വിളിക്കാം.
അതുമല്ലെങ്കിൽ തങ്ങളൊക്കെ വിളിക്കുന്നതു പോലെ സഖാവ് എന്നു വിളിക്കാം. വയലാറിന്റെ വിപ്ലവഗാനങ്ങൾ ഉദ്ധരിച്ച സിപിഎമ്മിലെ യുവഅംഗം എം.എസ്. അരുണ്കുമാറിന് എൽദോസ് പി. കുന്നപ്പിള്ളി ഒരു ഉപദേശം കൊടുത്തു. വിപ്ലവഗാനങ്ങളല്ല, ഇപ്പോൾ വേണ്ടതു വാഴ്ത്തുപാട്ടുകളും സ്തുതിഗീതങ്ങളും മാത്രമാണ്.
കേരളത്തിൽനിന്നു പോകുന്ന യുഡിഎഫ് എംപിമാർ വെറും ഷോ ഓഫ് ആണെന്നു യു. പ്രതിഭ കുറ്റപ്പെടുത്തി. പാർലമെന്റിൽ കേന്ദ്രമന്ത്രിമാർ കേരളത്തിനെതിരേ തെറ്റായ പ്രസ്താവനകൾ നടത്തുന്പോൾ യുഡിഎഫ് എംപിമാർ അതിനെ ചെറുക്കുന്നില്ലെന്ന് പി. ബാലചന്ദ്രൻ കുറ്റപ്പെടുത്തി.
വിഴിഞ്ഞത്തിനെതിരേ യുഡിഎഫ് ഗൂഢാലോചന നടത്തിയെന്ന് കെ. ആൻസലൻ പറഞ്ഞപ്പോൾ എം. വിൻസന്റിനു നിയന്ത്രണംവിട്ടു. ഒരു രേഖയോ തെളിവോ ഇല്ലാതെ തെറ്റായ ആരോപണം മേലിൽ ഉന്നയിക്കരുതെന്നു വിൻസന്റ് കർക്കശമായി പറഞ്ഞു. പി.സി. വിഷ്ണുനാഥും വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് ഇടതുപക്ഷക്കാർ എടുക്കുന്നതിനെതിരേ അതിശക്തമായി പോരാടി.
ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ഡോ. എൻ. ജയരാജ് കൊട്ടാരക്കര തന്പുരാനാക്കി. കൃഷ്ണനാട്ടം തിരുവിതാംകൂറുകാർക്കു മനസിലാകില്ലെന്നു പറഞ്ഞ് സാമൂതിരി തിരുവിതാകൂറിലേക്കു കൃഷ്ണനാട്ടക്കാരനെ അയയ്ക്കാതിരുന്നപ്പോഴാണ് കൊട്ടാരക്കര തന്പുരാൻ കഥകളിക്കു രൂപം നൽകിയത്. അതുപോലെ കേന്ദ്രം കേരളത്തെ ക്രൂരമായി അവഗണിച്ചപ്പോൾ ബദൽമാർഗം കണ്ടെത്തിയതും ഒരു കൊട്ടാരക്കരക്കാരനായതിന്റെ യാദൃച്ഛികതയാണ് ജയരാജ് ചൂണ്ടിക്കാട്ടിയത്.
കേരള ധനകാര്യ ബിൽ, സ്പോർട്സ് ഭേദഗതി ബിൽ, സർവകലാശാലാ ഭേദഗതി ബിൽ എന്നിവ ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് അയച്ച നിയമസഭ ഇന്നലെ കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ പാസാക്കുകയും ചെയ്തു.