കണ്ണൂരിൽ തെരുവുനായ 40 പേരെ ആക്രമിച്ചു
Friday, March 21, 2025 1:04 AM IST
കണ്ണൂർ: ചക്കരക്കൽ മേഖലകളിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കുകളോടെ മുതുകുറ്റിയിലെ ടി.കെ. രാമചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ മൂക്ക് തെരുവുനായ കടിച്ചുപറിച്ചു. ഇന്നലെ രാവിലെ 6.20ന് പത്രവിതരണത്തിനിടയിലാണ് രാമചന്ദ്രന് തെരുവുനായയുടെ കടിയേറ്റത്. മൂന്നു പേർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലും മറ്റുള്ളവർ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
ചാല കോയ്യോട്, പൊതുവാച്ചേരി, ഇരിവേരി, പനേരിച്ചാൽ, മുഴപ്പാല, ചക്കരക്കൽ ടൗൺ, ചക്കരക്കൽ സോനാ റോഡ്, മുഴപ്പാല, ചിറക്കാത്ത് എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
ശാരദ (70), അനിഘ (10)സിനി അനിൽ (35)സുമ (47),വിനായകൻ (4), മുഹമ്മദ് (8)സുൽഫർ (13), പനേരിച്ചാൽ സ്വദേശികളായ രഘു രാജൻ (59), അഞ്ചരക്കണ്ടി സ്കൂൾ ബസ് തൊഴിലാളി എ.എം.രമേശൻ (65), ഷൈജു (42), ഷൈനി (44), ശ്രീജ (49), രാമകൃഷ്ണൻ(54), കൊയ്യോട് സജിനി (45), രഹില (34), ജിപേഷ ്(38), മനോഹരൻ (56), ഗോപി (42), താഹിറ (53), സനിത (38), രാജേഷ് (44), സാജിദ് (18), ശ്രേയ (46) ശിവന്യ (15), രതുല (40), മുഴപ്പലാ സ്വദേശി പ്രസന്ന (70), ഇതര സംസ്ഥാന തൊഴിലാളി ആലം ഹുസൈൻ (21), ആർവി മെട്ടയയിലെ ശ്രീജൻ (46), കോളജ് വിദ്യാർഥി വിഷ്ണു (18), അനഘ (21), കാർത്യായനി (76), ധനുഷ (31), ഷീന (40), വിനീത (36), സക്കറിയ (48), ശാന്ത (70), ചിറക്കാത്ത് ഷാജി തുടങ്ങിയവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.
ബസ് കാത്തു നിന്നവരെയും റോഡിലൂടെ നടന്നുപോയവരെയും വീടിന്റെ വരാന്തയിലും അടുക്കളയിലും നിന്നവരെയുമാണ് തെരുവുനായ ആക്രമിച്ചത്. പ്രദേശത്ത് ഭീതി പരത്തിയ തെരുവുനായ ചിറക്കാത്ത് വച്ച് ഷാജിയെ(50) ആക്രമിച്ചു. പ്രാണരക്ഷാർഥം ഇയാൾ നായയെ തല്ലിയപ്പോൾ നായ ചത്തുവീണു. ഇതിനെ പിന്നീട് നാട്ടുകാർ കുഴിച്ചുമൂടി.
അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ പീയൂഷ് നമ്പൂതിരിപ്പാട് തുടങ്ങിയവർ ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
സ്കൂളിലും കോളജിലും മദ്രസയിലും പോകുന്ന വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കെല്ലാം കടിയേറ്റു.