ചർച്ച പരാജയപ്പെട്ടു; നിരാഹാരസമരവുമായി ആശാ വർക്കർമാർ
Thursday, March 20, 2025 2:02 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ഒരുമാസത്തിലധികമായി തുടരുന്ന ആശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കാനായി ഇന്നലെ നടന്ന രണ്ടു ചർച്ചകളും പരാജയപ്പെട്ടതോടെ ഇന്നു മുതൽ നിരാഹാര സമരം പ്രഖ്യാപിച്ച് ആശാ വർക്കർമാർ.
ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ആനുകൂല്യം നടപ്പാക്കുക എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ഇന്നലെ 38 ദിവസം പിന്നിട്ടു.
ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടതോടെ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാ വർക്കർമാരായ തങ്കമണി, ഷീജ എന്നിവർ ഇന്ന് നിരാഹാരം ആരംഭിക്കും.
നിയമസഭയിൽ ആരോഗ്യ മന്ത്രിയുടെ ചേന്പറിൽ നടന്ന ചർച്ചയിൽ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാട് സമര സമിതിയും സ്വീകരിച്ചു.