ഊരു കയറി ഉറപ്പിച്ചു; ആദിവാസികളെല്ലാം വോട്ടർപട്ടികയിൽ
Wednesday, March 19, 2025 2:18 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ആദിവാസി ഊരുകളിൽ 18 വയസു പൂർത്തിയായ എല്ലാവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ ആദിവാസി ഊരുകളിലും വോട്ടവകാശമുള്ള എല്ലാവരേയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും, വരും തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ പോളിംഗ് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതികൾ തയാറാക്കുന്നത്.
അട്ടപ്പാടിയിലെ വിദൂര ഗോത്ര മേഖലയായ ഗൊട്ടിയാർക്കണ്ടിയിലെ ഊരുകളിലെ 18 വയസു പൂർത്തിയായ മുഴുവൻ ആളുകളെയും കണ്ടെത്തി വോട്ടർ രജിസ്ട്രേഷൻ പൂർത്തിയാക്കിയതോടെയാണ് ഏഴ് ആദിവാസി ഊരുകളിലുള്ള 18 വയസു കഴിഞ്ഞ മുഴുവൻ ആളുകളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് അട്ടപ്പാടിയിലെ ഏഴ് ഊരുകളെ ദത്തെടുത്ത് അവയെ സമ്പൂർണ വോട്ടർ ഉന്നതികളാക്കി മാറ്റിയതെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. അഗളി ഐഎച്ച്ആർഡി കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ (ഇഎൽസി) നേതൃത്വത്തിലാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.
മേലെ മൂലക്കൊമ്പ്, ഇടവാണി, മേലെ ഭൂതയാർ, മേലെ തുടുക്കി, ഗലസി, താഴെ തുടുക്കി, ഗോട്ടിയാർക്കണ്ടി എന്നീ ഗോത്ര ഊരുകളിലെ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.
ഇതോടെ കേരളത്തിലെ ആദ്യ സമ്പൂർണ പ്രാക്തന ഗോത്ര വോട്ടർ ഊരായി മേലെ മൂലക്കൊമ്പ് മാറി. വോളണ്ടിയർമാർ ഏഴ് മണിക്കൂറോളം കൽനടയായി യാത്ര ചെയ്ത് വോട്ടർ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.