സിദ്ദു പി. അല്‍ഗുര്‍ കേരള കേന്ദ്രസര്‍വകലാശാല വൈസ് ചാൻസലർ
Wednesday, March 19, 2025 12:55 AM IST
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലറായി കര്‍ണാടക സ്വദേശി സിദ്ദു പി.അല്‍ഗുര്‍ (66) നിയമിതനായി. ബെല്ലാരിയിലെ വിജയനഗര ശ്രീകൃഷ്ണദേവരായ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ്. കംപ്യൂട്ടര്‍ സയന്‍സ് പ്രഫസറായ സിദ്ദുവിന് 32 വര്‍ഷത്തെ അക്കാദമിക് പരിചയമുണ്ട്.
1959ല്‍ ബാഗല്‍കോട്ട് തെര്ദാലില് ജനിച്ച അദ്ദേഹം മൈസൂരു സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗില്‍ ബിരുദവും അലഹാബാദിലെ മോത്തിലാല്‍ നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നു ബിരുദാനന്തരബിരുദവും ഗുല്‍ബര്‍ഗ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡിയും നേടി.
അന്താരാഷ്ട്ര ജേർണലുകളില്‍ 45 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. 2023 ഒക്ടോബർ 28ന് അന്നത്തെ വിസി എച്ച്. വെങ്കടേശ്വർലു മരിച്ച് ഒന്നരവർഷം പിന്നിടുന്പോഴാണ് പുതിയ വിസിയെ നിയമിച്ചിരിക്കുന്നത്.