ലഹരിയും വിമുക്തിയും പിന്നെ എക്സൈസ് മന്ത്രിയെന്ന കുമ്പിടിയും
Wednesday, March 19, 2025 12:56 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ലഹരിക്കുവേണ്ടി ശക്തിയുക്തം വാദിക്കാനും ലഹരിക്കെതിരേയുള്ള വിമുക്തി പദ്ധതിയിലും ഒരേ സമയം കാണുന്നത് ആരെയാണ് ? കേരളത്തിൽ പതഞ്ഞൊഴുകുന്ന ലഹരി നിയമസഭയിലും ചർച്ചയായപ്പോൾ അംഗങ്ങളുടെ പ്രധാന ചോദ്യം ഇതായിരുന്നു. കോണ്ഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു ഒരേയൊരു എക്സൈസ് മന്ത്രിയായ എം.ബി. രാജേഷിന്റെ സങ്കടങ്ങൾ സഭാതലത്തിൽ വിവരിച്ചത്.
ലഹരിക്കെതിരേയുള്ള എക്സൈസ് വകുപ്പിന്റെ പ്രചാരണ പരിപാടിയായ വിമുക്തിയിൽ പ്രസംഗിച്ചു കഴിഞ്ഞാൽ പിന്നെ എക്സൈസ് മന്ത്രിയെ കാണുന്നത് മന്ത്രിസഭായോഗത്തിലും സർക്കാർ യോഗങ്ങളിലും മദ്യക്കമ്പനിയായ ഓയാസിസിനെ കേരളത്തിൽ കൊണ്ടുവരാൻ വേണ്ടി ശക്തിയുക്തം വാദിക്കുന്നതാണ്. രണ്ടിടത്തും ഒരുപോലെ കാണുന്ന നന്ദനത്തിലെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തെപ്പോലെയുള്ള കുമ്പിടിയാണ് മന്ത്രിയെന്നായിരുന്നു രാഹുലിന്റെ കണ്ടെത്തൽ.
ഗുണ്ടയുടെ വിവാഹവാർഷികത്തോട് അനുബന്ധിച്ചു ലഹരിപ്പാർട്ടി നടത്തിയപ്പോൾ പൊക്കാനെത്തിയ പോലീസുകാർ കണ്ടത് പാർട്ടിയുടെ നേതൃത്വം കിർമാണി മനോജിനെ. ഉന്നതൻമാരുടെ അടുത്ത ഗുണ്ടകളെ കണ്ടു രാസലഹരിയെ കാണാതെ അതേപടി തിരിച്ചുപോയ പോലീസ് സംഘത്തിന്റെ കഥ അവതരിപ്പിച്ചത് മുസ്ലിംലീഗിലെ എൻ. ഷംസുദീൻ.
പിന്നെങ്ങനെ കേരളത്തിൽ ലഹരി വ്യാപനം കുറയ്ക്കാനാകും. നാലു മിഷനിലൂടെ പഞ്ചായത്തുകളുടെ അധികാരം കുറച്ച സംസ്ഥാന സർക്കാർ പിന്നീട് ബാറുകൾക്കായും ഇപ്പോൾ ബ്രൂവറിക്കായും പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറയ്ക്കുകയാണെന്നും ഷംസുദീൻ ആരോപിച്ചു.
പണ്ടൊക്കെ വലിയ വീടുകളുടെ പൂമുഖവാതിൽ അടയ്ക്കുന്നതിനു മുൻപ് ആരെങ്കിലും കഴിക്കാനുണ്ടോയെന്നു വിളിച്ചു ചോദിക്കുമായിരുന്നു. പുതിയ സർക്കാർ നിർദേശം വന്ന ശേഷം ബിവറേജ്സ് മദ്യശാലകളുടെ മാനേജർമാർ ആരെങ്കിലും കുടിക്കാനുണ്ടോ ആരെങ്കിലും കുടിക്കാനുണ്ടോ എന്നു വിളിച്ചു ചോദിക്കുകയാണെന്നായിരുന്നു കോണ്ഗ്രസിലെ സി.ആർ. മഹേഷിന്റെ പരിഹാസം.
ലഹരിക്കെതിരേ താൻ കൂടി അഭിനയിക്കുന്ന നാടകമായ ‘ശ്രദ്ധിക്കേണ്ടേ അമ്പാനെ’ നാടകത്തിൽ അഭിനയിക്കാൻ എംഎൽഎമാരെ ക്ഷണിച്ചുകൊണ്ടും ഒരു മണ്ഡലത്തിൽ ഒരു വേദിയെങ്കിലും കണ്ടെത്തിത്തരണമെന്ന അഭ്യർഥനയോടെയുമാണ് മഹേഷ് പ്രസംഗം അവസാനിപ്പിച്ചത്.
കേരളത്തിൽ ലഹരി വ്യാപിക്കാൻ കാരണം ഒന്പതു വർഷമായി തുടരുന്ന എൽഡിഎഫ് സർക്കാരിന്റെ നയമാണെന്ന വിമർശനവുമായി പ്രതിപക്ഷം ആഞ്ഞടിച്ചപ്പോൾ, ഭരണപക്ഷത്തെ പലർക്കും പ്രതിരോധിക്കാനുള്ള വാചകങ്ങൾ പോലും ലഭിച്ചില്ല.
പ്രസംഗിക്കാൻ ലഭിച്ച 10 മിനിറ്റുകൊണ്ട് ഏഴു വകുപ്പുകളുടെ ധനാഭ്യർഥനാ ചർച്ചയിൽ പങ്കെടുക്കേണ്ട പരിതാപകരമായ അവസ്ഥയിൽ മനം നൊന്താണ് സിപിഎമ്മിലെ എം. നൗഷാദ് പ്രസംഗം തുടങ്ങിയത്. ഒരു വകുപ്പിനെക്കുറിച്ചു സംസാരിക്കാൻ ഒന്നര മിനിറ്റുപോലും നൗഷാദിനു ലഭിക്കില്ല.
ചർച്ചയ്ക്കുണ്ടായിരുന്ന പുരാവസ്തു വകുപ്പിനെക്കുറിച്ച് ആരും ഒന്നും പറയാത്തതിനാൽ അവസാനം പ്രസംഗിച്ച സിപിഎമ്മിലെ ഡി.കെ. മുരളി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പുരാവസ്തു വകുപ്പിനെക്കുറിച്ച് രണ്ടു വാചകം പറയാൻ തുടങ്ങിയതോടെ സമയം തീരുന്ന കാര്യം ഓർമിപ്പിച്ചു സ്പീക്കർ എ.എൻ. ഷംസീർ ഇടപെട്ടു. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വകുപ്പ് ആയതിനാലാകും ആരും അഭിപ്രായങ്ങളൊന്നും പറയാത്തതെന്നായിരുന്നു മുരളിയുടെ ഉപസംഹാരം.
എൽഡിഎഫ് ഘടകകക്ഷിയെങ്കിലും മാർക്സിയൻ ഐഡിയോളജിയെക്കുറിച്ചു വലിയ അറിവൊന്നും ഇല്ലാത്തതിനാലാണ് സോഷ്യലിസ്റ്റ് ദർശനങ്ങളുമായി മാത്യു ടി. തോമസ് പ്രസംഗം തുടങ്ങിയത്. താഴേത്തട്ടിലേക്കു കൊടുക്കാൻ കഴിയാത്ത വകുപ്പുകൾ ഒഴികെ മറ്റുള്ള അധികാരങ്ങളെല്ലാം താഴേത്തട്ടിലേക്ക് നൽകുന്ന സമീപനമാണ് സോഷ്യലിസ്റ്റുകൾ സ്വീകരിക്കുന്നതെന്ന് മാത്യു ടി. തോമസ് പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം ഒഴികെയുള്ള മറ്റ് അജൈവ മാലിന്യങ്ങൾ ശേഖരിക്കാതെ കാശു വാങ്ങുന്ന ഹരിതകർമസേനയുടെ നടപടിയിലെ അതൃപ്തിയും മാത്യു ടി. തോമസ്, തദ്ദേശ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. മാലിന്യമുക്ത നവകേരളമല്ല, സൗന്ദര്യവത്കരിക്കുന്ന നവകേരളമാണ് ആവശ്യമെന്ന സന്ദേശവും നൽകി.
പരസ്യ ബോർഡുകൾ സ്ഥാപിച്ച് കൂടുതൽ വരുമാനം സംസ്ഥാനത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും എങ്ങനെ നേടാമെന്ന ഉപദേശമായിരുന്നു സിപിഎമ്മിലെ എ. പ്രഭാകരൻ നൽകിയത്. എക്സൈസ്, വിദ്യാഭ്യാസം, കായികം, കല, സംസ്കാരം, നഗരവികസനം, തൊഴിൽ, പ്രവാസി ക്ഷേമം, ഗ്രാമവികസനം, സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും തുടങ്ങിയ വകുപ്പുകളിലെ ധനാഭ്യർഥനാ ചർച്ചകൾക്കായിരുന്നു ഏഴു മന്ത്രിമാർ റുപടി നൽകിയത്.