കൈക്കൂലിക്കേസിൽ ഗ്രേഡ് എസ്ഐയും ഏജന്റും പിടിയിൽ
Wednesday, March 19, 2025 12:55 AM IST
തൊടുപുഴ: ചെക്ക് കേസിൽ വാറൻഡായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിൾ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഗ്രേഡ് എസ്ഐയും സഹായിയായ ഏജന്റും വിജിലൻസിന്റെ പിടിയിൽ.
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായാണ് ഇടുക്കി വിജിലൻസ് യൂണിറ്റ് തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടറായ പ്രദീപ് ജോസിനെയും ഏജന്റ് വണ്ടിപ്പെരിയാർ സ്വദേശി റഷീദിനെയും അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി നൽകിയ പരാതിയിലായിരുന്നു നടപടി.
പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന ചെക്ക് കേസിൽ തൊടുപുഴ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറൻഡ് പുറപ്പെടുവിച്ചിരുന്നു.
ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ ഗൂഗിൾ പേ വഴി നൽകണമെന്ന് പ്രദീപ് ജോസ് കഴിഞ്ഞ 12ന് ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള സുഹൃത്ത് നിർദേശിച്ച പ്രകാരം പരാതിക്കാരൻ പ്രദീപ് ജോസിനെ ഫോണിൽ വിളിച്ചപ്പോൾ ഏജന്റായ റഷീദിന്റെ ഗൂഗിൾ പേ നന്പർ അയച്ചു കൊടുത്ത ശേഷം അതിലേക്ക് പണം അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് പരാതിക്കാരൻ 17ന് എസ്ഐയെ വിളിച്ചപ്പോൾ പണം വൈകുന്നേരം അയയ്ക്കണമെന്നും അയച്ചശേഷം അറിയിക്കണമെന്നും പറഞ്ഞു. ഇതേത്തുടർന്ന് പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു.
ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ സിഐമാരായ ഫിലിപ് സാം, ബിൻസ് ജോസ് എന്നിവർ ഉൾപ്പെട്ട വിജിലൻസ് സംഘം തിങ്കളാഴ്ച രാത്രി 10.30ന് വണ്ടിപ്പെരിയാർ 63-ാം മൈലിലെ പ്രദീപ് ജോസിന്റെ വാടക വീട്ടിൽനിന്നാണ് പരാതിക്കാരനിൽനിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങവേ ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.