മയക്കുമരുന്നിന് അടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു
Wednesday, March 19, 2025 12:55 AM IST
താമരശേരി: മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊല്ലുകയും ഭാര്യാപിതാവിനെയും ഭാര്യാമാതാവി നെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
താമരശേരി ഈങ്ങാപുഴ കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന് എന്ന കുഞ്ഞിയുടെ ഇളയ മകള്‍ ഷിബില (20) യാണു മരിച്ചത്. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ (26) ആണ് കൊലപാതകം നടത്തിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. നോമ്പുതുറ സമയത്താണ് യാസിര്‍ കാറില്‍ ഭാര്യാവീട്ടിലെത്തിയത്.
കത്തി ഉപയോഗിച്ചു ഷിബിലയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കും വെട്ടേറ്റത്. ആക്രമണത്തിനുശേഷം യാസിര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഉടന്‍തന്നെ ഷിബിലയെയും അബ്ദുറഹ്മാനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷിബിലയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുറച്ചുകാലമായി ഷിബിലയും യാസിറും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. ഇതേത്തുടര്‍ന്ന് ഷിബില സ്വന്തം വീട്ടിലേക്കു താമസം മാറ്റിയിരുന്നു. യാസിറിൽനിന്ന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കാറില്‍ രക്ഷപ്പെട്ട പ്രതിക്കായി പോലീസും നാട്ടുകാരും തെരച്ചില്‍ ആരംഭിച്ചു.
മയക്കുമരുന്ന് ലഹരിയില്‍ മൂന്നു മാസത്തിനുള്ളില്‍ താമരശേരി മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ജനുവരി 17ന് അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദ (53) യെ മയക്കുമരുന്നിന് അടിമയായ മകന് ആഷിക് (25) വെട്ടിക്കൊന്നിരുന്നു.
ബംഗളൂരുവില്‍ ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ആഷിക് നാട്ടിലെത്തിയപ്പോഴാണ് ക്രൂരകൃത്യം നടത്തിയത്. ഏകമകനായിരുന്നു ആഷിക്. ജന്മം നല്കിയതിനുള്ള ശിക്ഷ നടപ്പാക്കിയെന്നായിരുന്നു അമ്മയെ കൊന്നശേഷം നാട്ടുകാരോട് ആഷിക് പറഞ്ഞത്.