ഡോ. ഗൗതം ചന്ദ്രയ്ക്ക് ഏഴു കോടി രൂപയുടെ ഐസിഎംആര്‍ ഗ്രാന്റ്
Wednesday, March 19, 2025 2:18 AM IST
കോട്ടയം: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഫസ്റ്റ് ഇന്‍ ദ വേള്‍ഡ് ചലഞ്ച് ഗ്രാന്റിന് എംജി സര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന് ഡോ. ഗൗതം ചന്ദ്ര അര്‍ഹനായി.
ഫോര്‍ഡി ബയോ പ്രിന്റിംഗിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നാഡീകോശങ്ങള്‍ പുനര്‍സൃഷ്ടിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് ഏഴു കോടി രൂപയുടെ ഗ്രാന്റ്. തലച്ചോറിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പരിക്കുകളുടെ ചികിത്സയില്‍ ഏറെ നിര്‍ണായകമാകുന്ന പഠനമാണിത്.
ഡോ. ഗൗതം ചന്ദ്രയുടെ നേതൃത്വത്തിലുള്ള പ്രാഥമിക പഠനം വിജയകരമായാല്‍ വിപുലമായ ഗവേഷണത്തിലൂടെ നാഡീവ്യൂഹ ചികിത്സയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് ഐസിഎംആര്‍ അറിയിച്ചു.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഡോ. ഗൗതം ചന്ദ്ര. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. പ്രസഞ്ജിത് സഹ, സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഡോ. സിബി പി. ഇട്ടിയവിര, ഐയുസിബിആര്‍ ഡയറക്ടര്‍ ഡോ. കെ.പി. മോഹനകുമാര്‍, ഐയുസിബിആറിലെ ഡോ. രാജേഷ് എ. ഷേണായ്, ഡോ. ഉഷ രാജമ്മ, ഡോ. ശ്രീതമ സെന്‍ എന്നിവര്‍ ഈ പഠനത്തില്‍ സഹഗവേഷകരാണ്. ഗവേഷണ വിദ്യാര്‍ഥികളായ ജിംന മുഹമ്മദ് അമീര്‍, ആനന്ദ് കൃഷ്ണന് എന്നിവരും പദ്ധതിയുടെ ഭാഗമാണ്.