ചോദ്യം ചോദിക്കേണ്ട അംഗങ്ങൾ സീറ്റിലില്ല
Wednesday, March 19, 2025 12:56 AM IST
തിരുവനന്തപുരം: ചോദ്യം ചോദിക്കേണ്ട അംഗങ്ങൾ ഇരിപ്പിടങ്ങളിൽ ഇല്ലാതെ ചോദ്യോത്തരവേള. മന്ത്രി പി. രാജീവ് മറുപടി നൽകേണ്ട വിഷയത്തിൽ കെ.എം. സച്ചിൻദേവ്, സി.കെ. ആശ എന്നിവരാണ് ഇന്നലെ സഭയിൽ ഇല്ലാതിരുന്നത്.
ഇതുകാരണം ഇതേചോദ്യങ്ങളിൽ മറുപടി തേടിയിരുന്ന ആറു ഭരണപക്ഷ എംഎൽഎമാർക്ക് ഉപചോദ്യത്തിനുള്ള അവസരവും നഷ്ടമായി.
കെ. ബാബു (നെന്മാറ), എം. വിജിൻ, സേവ്യർ ചിറ്റിലപ്പിള്ളി, ഇ. ചന്ദ്രശേഖരൻ, ഇ.ടി. ടൈസണ് മാസ്റ്റർ, വാഴൂർ സോമൻ എന്നിവർക്കാണ് അവസരം നഷ്ടമായത്. പി. രാജീവിനോടുള്ള രണ്ടു ചോദ്യങ്ങൾക്കും ആളില്ലാതായതോടെ മൂന്നാമത്തെ ചോദ്യത്തിനായി എ.സി. മൊയ്തീനെ സ്പീക്കർ ക്ഷണിച്ചെങ്കിലും ഒന്നും ചോദിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സഭയിൽ കൂട്ടച്ചിരി ഉയർത്തി.