ക്ഷേത്രത്തിലെ വിപ്ലവഗാനം: ഭക്തരുടെ പണം ധൂര്‍ത്തിനുള്ളതല്ല
Wednesday, March 19, 2025 12:55 AM IST
കൊച്ചി: കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ഗായകന് അലോഷി ആദം വിപ്ലവഗാനം പാടിയതിനെതിരേ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.
ഉത്സവത്തിന്റെ പേരില്‍ ഭക്തരില്‍നിന്ന് പിരിച്ചെടുക്കുന്ന പണം ധൂര്‍ത്തടിക്കാനുള്ളതല്ല. പിരിച്ചെടുക്കുന്ന തുക അധികമായാല്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് അന്നദാനം നടത്താന്‍ ഉപയോഗിക്കുകയാണു വേണ്ടത്.
ഉത്സവവേദികള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടിയിരുന്നു. ഇതുസംബന്ധിച്ച് ക്ഷേത്രോപദേശക സമിതിക്കെതിരേ ദേവസ്വം വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ച കോടതി ദേവസ്വം സ്പെഷല്‍ സെക്രട്ടറിയെ ഹര്‍ജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു.