ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിച്ച് മോഹൻലാൽ
Wednesday, March 19, 2025 12:55 AM IST
പത്തനംതിട്ട: ചലച്ചിത്രതാരം മോഹൻലാൽ ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ഇന്നലെ ദർശനം നടത്തി നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിച്ചു.
വന്‍കുടലില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലാണെന്നും ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയ്ക്കു വിധേയനാകുമെന്നും വാർത്ത വന്നതിനു പിന്നാലെയാണ് മോഹൻലാൽ ഇരുമുടിക്കെട്ടുമായി പമ്പയിൽനിന്നു നടന്ന് ശബരിമല കയറി വഴിപാട് കഴിച്ചത്.
മുഹമ്മദ് കുട്ടി വിശാഖം എന്ന പേരിൽ വഴിപാട് കഴിച്ചതിന്റെ രസീത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്തെത്തിയ മോഹൻലാലിനെ ദേവസ്വം അധികൃതർ സ്വീകരിച്ചു. പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലും പിന്നീട് ശ്രീകോവിലിനു മുന്പിലുമെത്തി ദർശനം നടത്തി അദ്ദേഹം പ്രസാദം സ്വീകരിച്ചു.