ഇടുക്കിയിലെ ഭൂമി കൈയേറ്റം: പ്രത്യേക ദൗത്യസംഘം പരിഗണനയിലെന്ന് മന്ത്രി
Wednesday, March 19, 2025 2:18 AM IST
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി കെ. രാജൻ. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭൂമി കൈയേറ്റം ഒരു കാരണവശാലും അംഗീകരിക്കില്ല. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഡിജിറ്റൽ സർവേയിൽ ഇടുക്കി ജില്ലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ഡിജിറ്റൽ സർവേയിലൂടെ നിരവധി പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി. 295.16 ഏക്കർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു. മുഴുവൻ കൈയേറ്റക്കാരെയെും ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ 50,000 പട്ടയങ്ങൾ വിതരണം ചെയ്തു. അർഹരായ എല്ലാവർക്കും പട്ടയങ്ങൾ നൽകുക എന്നതാണ് സർക്കാർ നിലപാട്. എന്നാൽ കോടതി വിധി കാരണം ചിലയിടങ്ങളിൽ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
ഇടുക്കി ജില്ലയിലെ പട്ടയ വിതരണം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. സ്റ്റേ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടു വരുമെന്നും മന്ത്രി വ്യക്തമാക്കി.