റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയവർക്കു രക്ഷകനായി ലോക്കോ പൈലറ്റ്
Wednesday, March 19, 2025 12:55 AM IST
ആലുവ: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ രണ്ടുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഹീറോയായി ലോക്കോ പൈലറ്റ്. മഹാരാഷ്ട്ര സ്വദേശികളായ അരുണ്‍ ഷിന്‍ഡെ (25), അനന്തന് (47) എന്നിവരാണു ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിനെത്തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ലോക്കോ പൈലറ്റ് അന്‍വര്‍ ഹുസൈന് (52) ആണ് എമർജൻസി ബ്രേക്കിട്ട് രണ്ടു ജീവനുകള്‍ രക്ഷപ്പെടുത്തി താരമായത്. ആലുവ-അങ്കമാലി റൂട്ടില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ലോക്കോപൈലറ്റ് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് വൈറലായതോടെയാണു സംഭവം പുറംലോകമറിഞ്ഞത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ തിരുവനന്തപുരം ഷാലിമാര്‍ എക്സ്പ്രസ് ആലുവയില്‍നിന്നു പുറപ്പെട്ട് ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന രണ്ടുപേരെ നൂറു മീറ്ററോളം ദൂരെനിന്ന് ലോക്കോ പൈലറ്റുമാര്‍ കണ്ടു.
ഒരാള്‍ ട്രാക്കില്‍ എഴുന്നേല്‍ക്കാനാകാതെ ഇരിക്കുന്നതും രണ്ടാമത്തെയാള്‍ ഇയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും ട്രെയിനിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തില്‍ വ്യക്തമായി. ഹോണ്‍ മുഴക്കിയിട്ടും മാറാതിരുന്നതോടെ എമര്‍ജന്‍സി ബ്രേക്കിടുകയായിരുന്നു.
ട്രെയിന്‍ അടുത്ത് എത്തി നിന്നപ്പോഴേക്കും ഇവര്‍ ട്രാക്കിനുള്ളിലേക്ക് വീണു. ഉടന്‍തന്നെ ലോക്കോ പൈലറ്റ് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇരുവരും ജീവനോടെ എൻജിന്റെ അടിഭാഗത്ത് കുടുങ്ങിക്കിടക്കുന്നതു കണ്ടത്. വൈകാതെ ഇവരെ പുറത്തെത്തിച്ചു. ഈ സമയം പകര്‍ത്തിയ വീഡിയോയാണു പിന്നീട് വൈറലായത്.
ട്രെയിനിന്റെ ആദ്യചക്രങ്ങള് ഇരുവരും കിടന്നിടത്താണ് വന്നുനിന്നതെങ്കിലും രണ്ടുപേരുടെയും ശരീരഭാഗങ്ങള്‍ ട്രാക്കിലായതിനാലാണു ജീവൻ രക്ഷിക്കാനായത്. ട്രെയിനിന്റെ പിന്‍ഭാഗം പെരിയാറിനു കുറുകേയുള്ള റെയില്‍പ്പാലത്തില്‍ തന്നെയായിരുന്നു.
സംഭവത്തില്‍ ആര്‍പിഎഫ് അരുണ്‍ ഷിന്‍ഡെ, അനന്തന് എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.അനന്തന്റെ (47) ബന്ധുവാണ് അരുണ്‍ ഷിന്‍ഡെ. അനന്തന് പഴയ സാധനങ്ങള്‍ എടുത്ത് വില്‍ക്കുന്ന ജോലിയും അരുണിന് തുണിക്കച്ചവടവുമാണ്.