കോളജ് വിദ്യാർഥിയുടെ കൊലപാതകം; മുൻ വൈരാഗ്യമെന്ന് എഫ്ഐആർ
Wednesday, March 19, 2025 2:18 AM IST
കൊല്ലം: കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വ്യക്തത വരുത്തി പോലീസ്. പ്രതി തേജസ് രാജിന്റെ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരി ഫ്ളോറിനും തേജസും പ്ലസ്ടു പഠന കാലം മുതല്‍ പ്രണയത്തിലായിരുന്നു.
ബാങ്ക് കോച്ചിംഗിനും ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചത്. എന്നാല്‍ യുവതിക്ക് മാത്രമാണ് ജോലി നേടാനായത്. പിന്നീട് തേജസ് സിവില്‍ പൊലീസ് ഓഫീസർ പരീക്ഷ പാസായെങ്കിലും കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഇതിനിടെ പെണ്‍കുട്ടിയും വീട്ടുകാരും ബന്ധത്തില്‍ നിന്ന് പിന്മാറി.
കുറച്ചുനാളുകള്‍ക്ക് മുമ്പാണ് യുവതിക്ക് മറ്റൊരു വിവാഹമുറപ്പിച്ചത്. അത് തേജസിനെ പ്രകോപിപ്പിച്ചു. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
തിങ്കളാഴ്ച രാത്രിയാണ് കൊല്ലം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. ഉളിയകോവില്‍ വിളപ്പുറം മാതൃക നഗര്‍ 160ല്‍ ജോര്‍ജ് ഗോമസിന്റെ മകന് ഫെബിന് ജോര്‍ജ് ഗോമസ് (അപ്പു22) ആണ് കൊല്ലപ്പെട്ടത്.
ചവറ പരിമണം തെക്കേടത്ത് വീട്ടില്‍ തേജസ് രാജ് ആണ് ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.