മനുഷ്യജീവനാണ് ഏറ്റവും വലിയ പരിഗണനയെന്ന വനം വകുപ്പിന്റെ പ്രഖ്യാപനത്തിൽ സന്തോഷം: കെ. സുനിൽ
Wednesday, March 19, 2025 12:55 AM IST
രാജൻ വർക്കി
പേരാമ്പ്ര (കോഴിക്കോട്): എല്ലാ ജീവനേക്കാളും വില മനുഷ്യ ജീവനാണെന്ന് കേരളത്തിലെ വനം ഉദ്യോഗസ്ഥർ ഏറ്റുപറഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ.
ഇടുക്കി വണ്ടിപ്പെരിയാറിൽ മയക്കു വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ സഹപ്രവർത്തകന്റെ ജീവനു ഭീഷണി ഉയർത്തി ചാടിവീണ കടുവയെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനപാലകൻ വെടിവച്ചു കൊന്ന സംഭവത്തെ കോട്ടയം ഡിഎഫ്ഒ ന്യായീകരിച്ചതിനെ സംബന്ധിച്ച് ദീപികയോട് പ്രതികരിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ.
മനുഷ്യ ജീവനാണ് യഥാർഥ വിലയെന്ന് വ്യക്തമായ തീരുമാനമെടുത്തുകൊണ്ട് ലോകത്തോട് രേഖാപരമായിത്തന്നെ ആദ്യം വിളിച്ചു പറഞ്ഞത് ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതിയാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇതിനെ അനുകൂലിച്ച് സാധാരണ ജനങ്ങൾ രംഗത്തുവന്നപ്പോൾ വനം അധികാരികളുടെ നിലപാട് എതിരായിരുന്നു. പഞ്ചായത്ത് ഭരണ സമിതി നിയമ ലംഘനമാണ് നടത്തുന്നതെന്നു വരെ വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രസ്താവിച്ചിരുന്നു.
ചക്കിട്ടപാറ പഞ്ചായത്തിൽ മനുഷ്യന്റെ ജീവനും സ്വത്തിനും നഷ്ടം വരുത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്നായിരുന്നു ഭരണസമിതി തീരുമാനിച്ചത്. നാശകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തു പ്രസിഡന്റുമാർക്ക് നൽകിയ അധികാരം ചക്കിട്ടപാറ പ്രസിഡന്റിൽനിന്നു തിരിച്ചെടുക്കുമെന്നുവരെ ഉന്നത വനം ഉദ്യോഗസ്ഥർ ഭീഷണി മുഴക്കുകയുണ്ടായി. യാഥാർഥ്യങ്ങൾ മനസിലാക്കാത്ത കപട മൃഗ സ്നേഹികളും പരിസ്ഥിതി വാദികളും പ്രസിഡന്റ് കെ. സുനിൽ, ഭരണ സമിതി എന്നിവർക്കെതിരേ രംഗത്തു വന്നിരുന്നു.
അതേസമയം മലയോര കർഷകരെ സ്നേഹിക്കുന്ന പ്രസ്ഥാനങ്ങൾ വലിയ പിന്തുണയാണ് പരസ്യമായി ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതിക്ക് നൽകിയത്. തങ്ങൾക്കൊപ്പമുള്ള ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ കടുവയെ വനപാലകർ തന്നെ ഗത്യന്തരമില്ലാതെ വെടിവച്ചുകൊന്നു. ഇനി അവരുടെ മുട്ടാപ്പോക്കു ന്യായങ്ങൾക്കും വാദഗതികൾക്കും സ്ഥാനമില്ലാതായിരിക്കുന്നുവെന്നാണ് പൊതുവേ ഉയരുന്ന ജനാഭിപ്രായം.