മാര്‍ പവ്വത്തിൽ സഭയ്ക്ക് ദിശാബോധം പകര്‍ന്ന പ്രവാചകന്: മാര്‍ പാടിയത്ത്
Wednesday, March 19, 2025 2:18 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്ത്മറിയം കബറിട പള്ളിയില്‍ നടന്നു. പുഷ്പാലംകൃതമായ കബറിടത്തിങ്കല്‍ നല്ലോര്‍മകളുമായി നൂറുകണക്കിനാളുകള്‍ കൂപ്പുകൈകളോടെ പ്രാര്‍ഥനയ്ക്കെത്തി.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് സന്ദേശം നല്കി.
ആരാധനാക്രമത്തിലും വിശുദ്ധ പാരമ്പര്യങ്ങളിലും ആഴമായ അവബോധത്തോടെ വിശ്വാസീ സമൂഹത്തിന് ഉള്‍ക്കാഴ്ച പകര്‍ന്ന സഭാപിതാവാണ് മാര്‍ ജോസഫ് പവ്വത്തിലെന്ന് മാര്‍ തോമസ് പാടിയത്ത് പറഞ്ഞു.
സഭയെ ജീവനെപ്പോലെ സ്നേഹിച്ച പവ്വത്തില്‍ പിതാവ് സഭയ്ക്ക് കര്‍മനിരതമായ ദിശാബോധം പകര്‍ന്ന പ്രവാചകശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും പ്രബോധനങ്ങളും സഭയ്ക്ക് എന്നും കരുത്തും ശക്തിയുമാണെന്നും മാര്‍ തോമസ് പാടിയത്ത് കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, വികാരിജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാക്കോണില്‍, മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയ്ക്കും അനുസ്മരണ ശുശ്രൂഷകള്‍ക്കും സഹകാര്‍മികരായിരുന്നു.
വിവിധ ഇടവകകളില്‍നിന്നുള്ള വൈദികര്‍, സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയ വിശ്വാസീ സമൂഹം അനുസ്മരണാ ശുശ്രൂഷകളിൽ പങ്കെടുത്തു.