ഫെബ്രുവരിയില്‍ മലയാള സിനിമയുടെ നഷ്ടം 51.6 കോടി
Thursday, March 20, 2025 12:47 AM IST
കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മലയാളസിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. 17 സിനിമകളാണ് കഴിഞ്ഞ മാസം ആകെ റിലീസ് ചെയ്തത്. ഇതില്‍ ‘തടവ്’ എന്ന സിനിമയുടെ കണക്കുകള്‍ ലഭ്യമല്ല.
ബാക്കിയുള്ള 16 സിനിമകളുടെ മുതല്‍മുടക്ക് 75.23 കോടി രൂപയാണ്. എന്നാല്‍ ഈ സിനിമകള്‍ തിയേറ്ററുകളില്‍നിന്നു നേടിയത് 23.55 കോടി രൂപ മാത്രമാണ്. 51.67 കോടി രൂപ നഷ്ടമാണെന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. നാലു ചിത്രങ്ങള്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നതായും കണക്കില്‍ കാണിച്ചിട്ടുണ്ട്.
‘ഇഴ’ എന്ന സിനിമയ്ക്ക് ആകെ 63.83 ലക്ഷം രൂപയായിരുന്നു ബജറ്റ്. എന്നാല്‍ തിയേറ്ററില്‍നിന്ന് 45,000 രൂപ മാത്രമാണു ലഭിച്ചത്. 1.6 കോടി രൂപ മുടക്കി നിര്‍മിച്ച ‘ലവ്ഡേലി’ന് 10,000 രൂപ മാത്രമാണു തിയേറ്ററില്‍നിന്നു ലഭിച്ചത്.
സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് തുടങ്ങിയവര്‍ അഭിനയിച്ച ‘നാരായണീന്റെ മൂന്നു മക്കള്‍’ എന്ന സിനിമയ്ക്ക് 5.48 കോടി രൂപയായിരുന്നു ബജറ്റ്. ഈ ചിത്രത്തിന് തിയേറ്ററില്‍നിന്ന് 33.58 ലക്ഷം രൂപ മാത്രമാണു കളക്ഷന്‍ ലഭിച്ചത്.
എട്ടുകോടി രൂപ മുടക്കിയ ‘ബ്രോമാന്‍സി’ ന് ഇതുവരെ നാലുകോടി രൂപയാണ് നേടാനായത്. ‘ദാവീദ്’ എന്ന ചിത്രത്തിന് ഒമ്പത് കോടി മുതല്‍മുടക്കിയപ്പോള്‍ 3.5 കോടിയാണ് ഇതുവരെ നേടിയത്.
അഞ്ചുകോടി ബജറ്റില്‍ നിര്‍മിച്ച ‘പൈങ്കിളി’ രണ്ടരക്കോടിയും 13 കോടി ബജറ്റില്‍ നിര്‍മിച്ച കുഞ്ചാക്കോ ബോബന് ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ 11 കോടിയും തിയേറ്റര്‍ കളക്ഷന്‍ നേടി. 9.99 കോടി ബജറ്റില്‍ എത്തിയ ഉണ്ണിമുകുന്ദന് ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ 1.40 കോടി രൂപയാണ് ഇതുവരെ നേടിയത്. ചിത്രം പ്രദര്‍ശനം തുടരുകയാണ്.
5.12 കോടി രൂപ മുടക്കി നിര്‍മിച്ച സൗബിന് ഷാഹിര്‍ നായകനായ ‘മച്ചാന്റെ മാലാഖ’ എന്ന സിനിമയ്ക്ക് 40 ലക്ഷം രൂപയാണ് തിയേറ്ററുകളില്‍നിന്നു ലഭിച്ചത്. ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ 2.50 കോടി രൂപ ചെലവില്‍ തിയേറ്ററിലെത്തിയ ‘ആപ് കൈസേ ഹോ’ എന്ന സിനിമ അഞ്ചു ലക്ഷം രൂപ മാത്രമാണു നേടിയതെന്നും കണക്കില്‍ പറയുന്നു.