ഇടുക്കിയിലെ ഭൂമികൈയേറ്റം: നിയമസഭയിൽ വാക്കൗട്ട്
Wednesday, March 19, 2025 2:18 AM IST
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ചും ഭൂമി കൈയേറ്റം സഭ നിർത്തിവച്ചു ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചും നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്.
പരുന്തുംപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഭൂമികൈയേറ്റം മൂലം മലയോര ജനത നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും മാത്യു കുഴൽനാടൻ, എൻ.എ. നെല്ലിക്കുന്ന്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ. രമ എന്നിവരാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
പരുന്തുംപാറ, വാഗമണ്, ചൊക്രമുടി, ചിന്നക്കനാൽ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി സർക്കാർ ഭൂമിയിൽ കൈയേറ്റം നടക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു പ്രസംഗിച്ച മാത്യു കുഴൽനാടൻ ആരോപിച്ചു. വ്യാജപട്ടയമുണ്ടാക്കി ഭൂമി മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പാണ് ഇവിടെ നടന്നത്.
ഒരു കാരണവശാലും പട്ടയം നൽകാൻ കഴിയാത്ത ഭൂമിക്ക് വ്യാജപട്ടയമുണ്ടാക്കി വില്പന നടത്തിയതിന് സർക്കാർ ഉത്തരം പറയണം.
ഭൂമി കൈയേറ്റം സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പീരുമേട് തഹസിൽദാർക്ക് വില്ലേജ് ഓഫീസറും താലൂക്ക് സർവേയറും നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും മാത്യു ആരോപിച്ചു.
കൈയേറ്റക്കാർക്കെതിരേ കർശന നടപടിയാണ് സ്വീകരിക്കുന്നതെന്നും മുഴുവൻ കൈയേറ്റക്കാരെയും ഒഴിപ്പിക്കുമെന്നുമായിരുന്നു റവന്യു മന്ത്രി കെ. രാജന്റെ മറുപടി.
പരുന്തുംപാറയിൽ ഭൂമി കൈയേറ്റമുണ്ടായെന്ന വാർത്ത വന്നപ്പോൾ തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിച്ച ഏഴു പേർക്കെതിരേ ഇതിനോടകം ക്രിമിനൽ കേസെടുത്തു.
സ്ഥലത്ത് പ്രത്യേക പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും സബ് കളക്ടറുട നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നൽകിയതായും മന്ത്രി അറിയിച്ചു.