കുറ്റ്യാടി ചുരത്തിൽ കാട്ടാന; കാർ യാത്രക്കാർ രക്ഷപ്പെട്ടത് അദ്ഭുതകരമായി
Wednesday, March 19, 2025 12:55 AM IST
കൽപ്പറ്റ: കുറ്റ്യാടി ചുരത്തിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്നു കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
വയനാട് സ്വദേശികളായ കാർ യാത്രക്കാരാണ് കാട്ടാനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വയനാട് ജില്ലയിൽനിന്നു ചുരം തുടങ്ങുന്ന സ്ഥലത്താണ് കാട്ടാന കാറിനുനേരേ പാഞ്ഞടുത്തത്. കാട്ടാന കാറിൽ തട്ടിയെങ്കിലും ആളുകൾ ശബ്ദമുണ്ടാക്കിയതോടെ പിന്തിരിയുകയായിരുന്നു.
വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുവിനെ കൂട്ടാനായി പോകുന്നതിനിടെയാണ് ഇന്നലെ രാവിലെ കാട്ടാനയുടെ അപ്രതീക്ഷിതആക്രമണമുണ്ടായത്. വന്യമൃഗശല്യം രൂക്ഷമല്ലാത്ത ചുരംപാതയിലെ കാട്ടാന ആക്രമണത്തിൽ ആശങ്കയിലാണ് പ്രദേശവാസികൾ.