കേന്ദ്രം കഴുത്തിനു പിടിച്ചിട്ടും നിവർന്നുനിൽക്കുന്നു: ധനമന്ത്രി
Wednesday, March 19, 2025 12:56 AM IST
തിരുവനന്തപുരം: കടമെടുപ്പു പരിധി വെട്ടിക്കുറച്ചും കേന്ദ്ര നികുതി വിഹിതം കുറച്ചും കേന്ദ്രം കഴുത്തിനു പിടിച്ചിട്ടും സംസ്ഥാനം നിവർന്നു നിൽക്കുകയാണെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
കിഫ്ബി വഴി ചെലവിടുന്ന പണം കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയതിനെതിരേ കേരളം സുപ്രീംകോടതിയിൽ നൽകിയ ഹർജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
കേരളം ഉന്നയിക്കുന്നതു ന്യായവും നിയമപരവുമായ കാര്യമാണെന്നു രാജ്യത്താകെ ചർച്ചയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളും സമാനമായ സ്ഥിതിയിലൂടെയാണു കടന്നുപോകുന്നത്. അതിനാൽ തന്നെ കേരളം ഇക്കാര്യങ്ങൾ പറയുന്നതു രാഷ്ട്രീയമായ പ്രചാരണത്തിനു വേണ്ടിയല്ല.
കേരളത്തിന്റെ അവസ്ഥ മനസിലാക്കി കേന്ദ്രം നിലപാടു മാറ്റുമെന്ന പ്രതീക്ഷയാണുള്ളത്. കേരളത്തെക്കാളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന തെലുങ്കാനയിലെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സർക്കാർ ഉദ്യോഗസ്ഥരുടെ യോഗത്തിൽ, ഇനിമുതൽ ഒന്നാംതീയതി ശമ്പളം പ്രതീക്ഷിക്കരുതെന്നു പറഞ്ഞിരുന്നു. മാത്രമല്ല ഡിഎ ആവശ്യപ്പെടരുതെന്നും പറഞ്ഞു.
കേന്ദ്രത്തിന്റെ സമീപനങ്ങൾ കാരണമാണ് ഇത് അദ്ദേഹത്തിനു പറയേണ്ടിവന്നത്. ഈ പശ്ചാത്തലത്തിലാണു കേരളം പിടിച്ചുനിന്നത്. കഴിഞ്ഞ വർഷത്തെക്കാളും മെച്ചപ്പെട്ട സ്ഥിതിയിൽ തന്നെയാകും നടപ്പു സാമ്പത്തിക വർഷം അവസാനിപ്പിക്കുക. സാമ്പത്തിക കാര്യത്തിൽ ഈ വർഷം സേഫ് ലാൻഡിംഗ് വരുന്നതോടെ അടുത്തവർഷം നല്ല ടേക്ക് ഓഫ് ഉണ്ടാവുമെന്നും ബാലഗോപാൽ പറഞ്ഞു.
കണ്ണൂർ വിമാനത്താവളം: സമയബന്ധിതമായി ഭൂമി ഏറ്റെടുക്കും
കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി വിശദമായി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിതലത്തിൽ ഈ മാസം യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, കെ.വി. സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് കൈമാറിയിട്ടുണ്ട്. രണ്ടാംഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതിൽ കോളാരി, കീഴല്ലൂർ വില്ലേജുകളിൽപ്പെട്ട 21.81 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂർ, പട്ടാനൂർ വില്ലേജുകളിൽപ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിച്ച് തുടർനടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസിക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കും: മുഖ്യമന്ത്രി
പ്രവാസികൾക്കായി നിലവിലുള്ള ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും സർക്കാർ ഊന്നൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ടി.വി. ഇബ്രാഹിമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
18 വയസിനും 60 വയസിനും ഇടയ്ക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശദായം അടയ്ക്കുന്നവർക്കാണ് പ്രവാസി ക്ഷേമബോർഡിൽനിന്നും ആനുകൂല്യങ്ങൾക്ക് അർഹതയുള്ളത്. നിലവിൽ എട്ടു ലക്ഷത്തോളം അംഗങ്ങളും എഴുപതിനായിരത്തോളം പെൻഷൻകാരുമാണുള്ളത്. കൂടാതെ പ്രതിമാസം എണ്ണായിരത്തോളം പ്രവാസികൾ പുതുതായി അംഗത്വത്തിന് അപേക്ഷിക്കുകയും രണ്ടായിരത്തോളം പേർ പുതുതായി പെൻഷന് അർഹത നേടുകയും ചെയ്തിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇതിൽ വൻ വർധനവുണ്ടായ സാഹചര്യത്തിൽ പരമാവധി വേഗത്തിൽ അപേക്ഷകളിന്മേൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. പുതുതായി പെൻഷനും ആനുകൂല്യങ്ങളും അനുവദിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ പെൻഷൻ തുക വർധിപ്പിക്കുന്ന കാര്യവും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയർത്തുന്ന കാര്യവും ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ല.
പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾ ക്കുമായി ഒരു സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നോർക്കാ റൂട്ട്സ് മുഖേന നടപ്പാക്കുന്ന വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്ത് 56 ശതമാനം തദ്ദേശീയർക്കു തൊഴിൽ നൽകി
വിഴിഞ്ഞം തുറമുഖത്ത് 56 ശതമാനം തദ്ദേശീയർക്കു തൊഴിൽ നൽകിയിട്ടുണ്ടെന്നു മന്ത്രി വി.എൻ. വാസവൻ. 50 ശതമാനം പേർക്കു ജോലി നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. വിഴിഞ്ഞം റെയിൽ കണക്ടിവിറ്റിക്കായി 5.526 ഹെക്ടർ ഭൂമി ഏറ്റെടുക്കും. 1482 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 10.2 കിലോമീറ്ററാണു കണക്ടിവിറ്റി. ഇതിൽ 9.2 കിലോമീറ്ററും തുരങ്കപാതയാണ്. നാലുമാസത്തിനകം ഗേറ്റ്വേ കണ്ടെയ്നർ നീക്കം ആരംഭിക്കാനാവുന്ന തരത്തിൽ കസ്റ്റംസിന്റെ സജ്ജീകരണങ്ങൾ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
വേനൽക്കാലത്തു വൈദ്യുതി ഉപയോഗം 120 ദശലക്ഷം യൂണിറ്റ്
ഈ വർഷം വേനൽക്കാലത്തു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 120 ദശലക്ഷം യൂണിറ്റായാണു കണക്കാക്കിയിട്ടുള്ളതെന്നു വൈദ്യുതി മന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ വേനൽക്കാലത്തു സംസ്ഥാനത്തു രേഖപ്പെടുത്തിയ പരമാവധി ഉപഭോഗം 115.95 ദശലക്ഷം യൂണിറ്റായിരുന്നു.
2025ലെ വേനൽക്കാല ആവശ്യം പരിഗണിച്ച് 2025 മാർച്ച് വരെ കേന്ദ്രവിഹിതമായി എൻടിപിസി നിലയത്തിൽനിന്നും 177 മെഗാവാട്ട് അധികവിഹിതം ലഭ്യമാക്കിയിരുന്നു. വേനൽക്കാല ആവശ്യം പരിഗണിച്ച് ഊർജ മന്ത്രാലയം 2025 ജൂണ് 30 വരെ കേന്ദ്രവിഹിതം നീട്ടിനൽകി. ഇതിനു പുറമേ എൻടിപിസി നിലയങ്ങളിൽനിന്ന് 400-450 മെഗാവാട്ട് വൈദ്യുതി വിഹിതം കേന്ദ്ര ഊർജമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ അധികവൈദ്യുതി ആവശ്യമായി വരുന്ന പീക്ക് സമയത്തേക്ക് ഏപ്രിലിലും മേയിലും 355 മെഗാവാട്ട് വീതമുള്ള ഹ്രസ്വകാല കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്. ഏപ്രിൽ-മേയിലെ അധിക ആവശ്യകത നിറവേറ്റാനായി ഹ്രസ്വകാല ടെൻഡർ കൂടി ക്ഷണിച്ചിട്ടുണ്ട്. 2025 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലേക്കായി മറ്റു ബാങ്കിംഗ് കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്. ഈ മാസങ്ങളിൽ ലഭ്യമാവുന്ന വൈദ്യുതി 2025 ജൂണ്-സെപ്റ്റംബർ മാസങ്ങളിൽ തിരിച്ചുനൽകേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
സെസ് പിൻവലിക്കുന്ന കാര്യം ആലോചനയിലില്ല
പെട്രോളിനും ഡീസലിനുമുള്ള സെസ് പിൻവലിക്കുന്ന കാര്യം ആലോചനയിലില്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. സെസിൽനിന്ന് വലിയ തോതിലുള്ള വരുമാനം ഉണ്ടാകുന്നില്ല. സെസ് ഏർപ്പെടുത്തിയതുകൊണ്ട് ഇന്ധനവിൽപന കുറഞ്ഞെന്നു പറയാനാകില്ല. കർണാടകയും ഇന്ധന സെസ് കൂട്ടിയിരുന്നു. വ്യാവസായിക ലക്ഷ്യത്തോടെ പെട്രോളും ഡീസലും കൊണ്ടുവരാനുള്ള സാഹചര്യം ഇവിടെയുണ്ട്. അതു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയിൽ വരുന്നതല്ല. അതിനാൽ 15 രൂപ വരെ വിലകുറച്ചു നൽകാനാവും. പക്ഷേ, ഇതിന്റെ പേരിൽ കൊള്ളയും നടക്കുന്നുണ്ട്. അതിനെ അങ്ങനെ നേരിടാനേ പറ്റൂവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മണൽ ഖനനം ആരംഭിക്കാൻ നടപടി സ്വീകരിക്കും
സംസ്ഥാനത്തെ പുഴകളിൽനിന്നു മണൽ ഖനനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. നിയമസഭയിൽ കെ.കെ. രാമചന്ദ്രൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കടവുകളിൽനിന്ന് മണൽ വാരുന്നതിന് സുപ്രീംകോടതിയുടെയും കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെയും ഉത്തരവുകളും കേന്ദ്രസർക്കാർ വിജ്ഞാപനങ്ങളും കർശന നിബന്ധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുമൂലം 2016 മുതൽ സംസ്ഥാനത്ത് കടവുകളിൽനിന്ന് മണൽ വാരുന്നത് നിലച്ചിരിക്കുകയാണ്. ഇത് മറികടക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നത്.
നിലവിൽ വിവിധ മാനദണ്ഡങ്ങളനുസരിച്ച് 45 കടവുകളുടെ അതിർത്തി നിർണയം പൂർത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജില്ലാതല കമ്മിറ്റികളും നിലവിൽ വന്നിട്ടുണ്ട്. മണൽ ഖനനത്തിനായുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തി മൈനിംഗ് പ്ലാൻ തയാറാക്കി പാരിസ്ഥിതി അനുമതി നേടിയ ശേഷമാകും മണൽ ഖനനം ആരംഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയത് 5000 കോടി രൂപയ്ക്ക് മുകളിലുള്ള വികസനം
ഒന്പത് വർഷത്തിനിടെ, കിഫ്ബി അടക്കം വിവിധ പദ്ധതികളുടെ ഭാഗമായി 5000 കോടി രൂപക്ക് മുകളിലുള്ള വികസന പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയതെന്നു മന്ത്രി ഡോ. ആർ. ബിന്ദു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സ്കൂൾ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി 2,565 കോടി രൂപ നിക്ഷേപിച്ച് 973 സ്കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി നൽകുകയും അതിൽ 518 എണ്ണം പൂർത്തിയാക്കുകയും ചെയ്തു. പ്ലാൻ, നബാർഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഫണ്ടുപയോഗിച്ച് സർക്കാർ എയിഡഡ് മേഖലയിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിച്ചു. സാങ്കേതികവിദ്യ സംയോജനത്തിലൂടെ ഹൈടെക് ക്ലാസ് റൂം വിപ്ലവം ആണ് നടത്തിയത്.
50,000 ത്തിൽ അധികം ക്ലാസ് റൂമുകൾ ഹൈടെക്കാക്കി, ട്വിങ്കറിംഗ് ലാബുകൾ, റോബോട്ടിക് ലാബുകൾ തുടങ്ങിയവ സ്ഥാപിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിർമിതബുദ്ധിയിൽ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയതായും മന്ത്രി പറഞ്ഞു.
മയക്കുമരുന്നിനെ നേരിടാൻ യോജിച്ച പോരാട്ടം വേണം
മയക്കുമരുന്ന് വിപത്തിനെ നേരിടാൻ യോജിച്ച പോരാട്ടം നടത്തണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏത് വീട്ടിലും ഈ വിപത്ത് കടന്നുവന്നേക്കാം. അതിനാൽ കക്ഷി രാഷ്ട്രീയ, ജാതി, മത, ലിംഗഭേദത്തിനതീതമായി എല്ലാവരും യോജിച്ചുനിന്ന് ഈ വിപത്തിനെ എതിർക്കാൻ തയാറാകണം.മയക്കുമരുന്ന് വിപത്തിനെതിരേ അതിശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമായി തുടരുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 26,454 എൻഡിപിഎസ് കേസുകളും 72,755 അബ്കാരി കേസുകളും എടുത്തു. 2023ൽ 4,998 പേരെ ശിക്ഷിച്ചു. ശിക്ഷാ ശതമാനം 98.34 ആണ്. 2024ൽ 4,473 പേരെ ശിക്ഷിച്ചതായും മന്ത്രി പറഞ്ഞു.