എട്ട് ദിവസം, 2854 അറസ്റ്റ്; സംസ്ഥാനത്ത് വൻ ലഹരിവേട്ട
Sunday, March 2, 2025 2:06 AM IST
തിരുവനന്തപുരം: മയക്കുമരുന്നിനെതിരേ കഴിഞ്ഞ എട്ടു ദിവസം ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ മാരകമായ ലഹരിമരുന്നുകൾ അടക്കം വൻതോതിൽ പിടികൂടി.
അതിമാരകവും കോടികൾ വില വരുന്നതുമായ എംഡിഎംഎ മാത്രം 1.312 കിലോഗ്രാം പിടികൂടി. 154 കിലോ കഞ്ചാവും 18.15 ഗ്രാം ഹാഷിഷ് ഓയിലും ബ്രൗണ്ഷുഗറും ഹെറോയിനും വിവിധ തരം ടാബ്ലറ്റുകളും പിടികൂടിയവയിൽ പെടുന്നു. മയക്കുമരുന്നു കൈവശം വച്ചതുമായി ബന്ധപ്പെട്ട് 2762 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2854 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന സൂചനകളാണ് ഒരാഴ്ച മാത്രം നടത്തിയ പരിശോധനകളിൽ പോലീസിന് ലഭിച്ചത്. ലഹരിമാഫിയയ്ക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പോലീസിന് അനുമതി ലഭിച്ചാൽ വൻ ലഹരിസംഘത്തെ കണ്ടെത്താൻ കഴിയുമെന്നാണു സൂചന.
സംസ്ഥാനത്തെ ആന്റി നാർകോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ റേഞ്ച് ലെവൽ എൻഡിപിസ് കോ-ഓർഡിഷേഷൻ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേർന്നായിരുന്നു പരിശോധന.
മാരക മയക്കുമരുന്നായ എംഡിഎംഎ ഒന്നര കിലോയോളം പിടികൂടിയപ്പോൾ ഇതിൽ 594.72 ഗ്രാമും മലപ്പുറം ജില്ലയിൽനിന്നാണ് പിടികൂടിയത്. ഇവിടെ ലഹരിക്കേസുകളും ഉയർന്നിട്ടുണ്ട്. 213 കേസുകളിലായി 225 പേരെയാണ് ഇക്കാലയളവിൽ മലപ്പുറത്തുനിന്നു പിടികൂടിയത്. മറ്റു മാരകമായ നിരോധിത മയക്കുമരുന്നുകളും ഇവിടെ കൂടുതലാണ് പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിൽ 403 കേസുകളിലായി 416 പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പോലീസ് ജില്ലാ പരിധിയിൽ 152 കേസുകളിലായി 153 പേരും റൂറൽ ജില്ലാ പരിധിയിൽ 251 കേസുകളിലായി 263 പേരും പിടിയിലായി. ഏതാണ്ട് 10 കിലോയോളം കഞ്ചാവും ഇവിടെ പിടിച്ചെടുത്തു.
സിറ്റിയിലാണ് ഭൂരിഭാഗവും- 8.56 കിലോ. പത്തനംതിട്ടയും ആലപ്പുഴയും ഒഴികെയുള്ള ജില്ലകളിൽനിന്ന് ചെറിയ അളവിലെങ്കിലും എംഡിഎംഎ പിടികൂടിയിട്ടുണ്ട്. എന്നാൽ, രാജ്യാന്തര മയക്കുമരുന്നു ശൃംഖലകൾ തന്പടിക്കുന്ന കൊച്ചിയിൽനിന്നു പിടികൂടിയ മയക്കുമരുന്നിന്റെ അളവ് മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെന്ന പരാതിയുമുണ്ട്.
കൊച്ചിയിൽ നിന്ന് 60.13 ഗ്രാം മാത്രമാണ് എംഡിഎംഎ പിടികൂടിയത്. എറണാകുളം റൂറലിൽ നിന്ന് 0.5 ഗ്രാം മാത്രവും. കഞ്ചാവും രണ്ടിടത്തുമായി ഏഴു കിലോഗ്രാമേ വരൂ.
ലഹരിക്കും മയക്കുമരുന്നിനും എതിരേയുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.