പോലീസ് ഓഫീസറെ ഗുണ്ട ചവിട്ടിക്കൊന്നു
Tuesday, February 4, 2025 3:18 AM IST
ഏറ്റുമാനൂര്‍: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയുടെ ചവിട്ടേറ്റ് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. എംസി റോഡില്‍ തെള്ളകത്ത് ബാര്‍ ഹോട്ടലിനു മുന്നിലെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാഞ്ഞൂര്‍ ചിറയില്‍ (തട്ടാംപറമ്പില്‍) ശ്യാം പ്രസാദ്്(44) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് മാമ്മൂട് ആനിക്കല്‍ കൊക്കാട് ജിബിന്‍ ജോര്‍ജിനെ (28) പോലീസ് പിടികൂടി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയാണ് ഇയാൾ.
ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തട്ടുകടയില്‍ ജിബിന്‍ പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി ശ്യാം പ്രസാദ് ഇവിടെ എത്തിയത്. തട്ടുകടയുടെ ഉടമ സാലിയെ ശ്യാം പ്രസാദിന് നേരത്തേ പരിചയമുണ്ട്.
ശ്യാം പ്രസാദ് പോലീസ് ഉദ്യോഗസ്ഥനാണെന്നും ഏറ്റുമാനൂര്‍ പോലീസില്‍ അറിയിച്ചാല്‍ പോലീസ് എത്തി പിടിക്കുമെന്നും ജിബിനോട് സാലി പറഞ്ഞതോടെ ജിബിന്‍ അക്രമാസക്തനായി സാലിയെയും സഹോദരനെയും മര്‍ദിക്കുക യായിരുന്നു. ഇതില്‍ ഇടപെട്ടപ്പോള്‍ ശ്യാം പ്രസാദിനെ ജിബിന്‍ കൈയേറ്റം ചെയ്തു. ഇതിനിടെ നിലത്തുവീണ ശ്യാം പ്രസാദിന്റെ നെഞ്ചില്‍ ഇയാള്‍ പല തവണ ചവിട്ടുകയായിരുന്നു.
രാത്രിയില്‍ പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി ഇതുവഴി എത്തിയ കുമരകം എസ്എച്ച്ഒ ഇന്‍സ്പെക്ടര്‍ കെ.എസ്. ഷിജിയുടെ പോലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
പ്രതിയുമായി പോലീസ് സംഘം സംഭവസ്ഥലത്തെത്തിയ ശേഷം ശ്യാം പ്രസാദിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ജീപ്പില്‍ കയറ്റി. ഈ സമയം അദ്ദേഹം ജീപ്പില്‍ കുഴഞ്ഞുവീണു. ഉടന്‍ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന ലെ പുലർച്ചെ രണ്ടോടെ മരിച്ചു. ശ്യാം പ്രസാദിന്റെ നെഞ്ചിന് അതീവ ഗുരുതരമായ പരിക്കേറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചവിട്ടേറ്റ് വാരിയെല്ലോടിഞ്ഞ് ശ്വാസകോശത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ആന്തരിക രക്തസ്രാവവുമുണ്ടായി.
തട്ടുകട ഉടമകൾ തമ്മിലുള്ള വഴക്കാണ് ദാരുണസംഭവത്തിലേക്കു നയിച്ചതെന്നാണ് സൂചന. സാലിയുടെ കടയുടെ തൊട്ടടുത്ത് തട്ടുകട നടത്തുന്ന പ്രകാശ് ആണ് ജിബിനെ പറഞ്ഞയച്ചതെന്ന് സാലി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ഗാന്ധിനഗര്‍ സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ജിബിന്‍. സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അടക്കം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തും ആശുപത്രിയിലും എത്തിയിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പു നടത്തി.
കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശ്യാം പ്രസാദിന്റെ മൃതദേഹം ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് കോട്ടയം പോലീസ് ക്ലബ്ബിലും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും പൊതുദര്‍ശനത്തിനു ശേഷം മാഞ്ഞൂരിലെ വസതിയില്‍ എത്തിച്ചു. രാത്രി എട്ടോടെ സംസ്കാരം നടത്തി.
മാഞ്ഞൂര്‍ ചിറയില്‍ (തട്ടാംപറമ്പില്‍) പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ജാനകിയുടെയും മകനാണ് ശ്യാം പ്രസാദ്. ഭാര്യ അമ്പിളി (സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരി). മക്കള്‍: ശ്രീലക്ഷ്മി (കോതനല്ലൂര്‍ ഇമ്മാനുവല്‍ എച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി), ശ്രീഹരി (കോതനല്ലൂര്‍ ഇമ്മാനുവല്‍ സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി), സേതുലക്ഷ്മി (മാഞ്ഞൂര്‍ ഗവ. എല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാർഥിനി).