ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് 2025 ; ജനുവരിയിൽ കുടുങ്ങിയത് എട്ടു കൈക്കൂലിക്കാർ
Tuesday, February 4, 2025 3:18 AM IST
തൃശൂർ: വിജിലൻസിന്റെ സ്പോട്ട് ട്രാപ്പിൽ ജനുവരിയിൽ കുടുങ്ങിയത് എട്ടു കൈക്കൂലിക്കാർ. മൂവായിരം മുതൽ പതിനായിരം രൂപവരെ കൈക്കൂലി വാങ്ങിയതിനു തൃശൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ വിവിധ വകുപ്പുദ്യോഗസ്ഥരാണ് പിടിയിലായത്.
തൃശൂർ, എറണാകുളം ജില്ലകളിൽ മൂന്നുപേർ വീതം കുടുങ്ങി. കേരള വിജിലൻസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൈക്കൂലിക്കാർ ഒരുമാസത്തിനുള്ളിൽ പിടിയിലാകുന്നത്.
വസ്തു തരംമാറ്റൽ, വസ്തുവിന്റെ ഫെയർവാല്യു പുനർനിർണയം, ബില്ലു മാറൽ, വാട്ടർ കണക്ഷൻ പുനഃസ്ഥാപിക്കൽ, പട്ടയം തുടങ്ങിയ ആവശ്യങ്ങൾക്കായി സമീപിച്ചവരിൽനിന്നാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. ഗുണഭോക്താക്കൾ വിജിലൻസിനെ സമീപിച്ചതിനെത്തുടർന്നു ട്രാപ്പൊരുക്കി ഉദ്യോഗസ്ഥരെ കുടുക്കുകയായിരുന്നു.
വില്ലേജ് ഓഫീസ്, സർവേ ക്യാമ്പ് ഓഫീസ്, വാട്ടർ അഥോറിറ്റി, പോലീസ്, ആരോഗ്യവകുപ്പ് ജീവനക്കാരാണ് അറസ്റ്റിലായത്. അഞ്ചു കേസുകൾ റവന്യു വകുപ്പിൽനിന്നുള്ളതാണെന്നതാണു പ്രത്യേകത; നാലു വില്ലേജ് ഓഫീസർമാരും രണ്ടു സർവേ ഉദ്യോഗസ്ഥരും. ഇതിൽ പലരും വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. പലർക്കുമെതിരേ വിജിലൻസ് തെളിവുകളും ശേഖരിച്ചിരുന്നു.
ഓപ്പറേഷൻ ‘സ്പോട്ട് ട്രാപ്പ് 2025’ എന്ന പേരിലാണു നടപടികൾ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള സർക്കാർ സ്ഥാപനങ്ങളിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ ലിസ്റ്റും വിവരങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഇവർക്കെതിരേ കർശനനടപടികളാണ് ആസൂത്രണം ചെയ്തുവരുന്നത്. മിന്നൽപരിശോധനകളും സമാന്തരമായി നടക്കുന്നുണ്ട്.
എതെങ്കിലും ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടാൽ വിജിലൻസിന്റെ പ്രാദേശിക യൂണിറ്റുകളിൽ വിവരം അറിയിക്കണമെന്നു വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു. വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900, 9447789100 (വാട്ട്സ്ആപ്പ്) എന്നീ നമ്പറുകളിലോ അറിയിക്കണം.
ചെക്ക്പോസ്റ്റുകൾ കൈക്കൂലിക്കൂട്
കഴിഞ്ഞ മാസം പാലക്കാട് ജില്ലയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ നടത്തിയ അഞ്ചു മിന്നൽപരിശോധനകളിൽ കൈക്കൂലിയായി ലഭിച്ച 4,88,040 രൂപയാണ് വിജിലൻസ് പിടികൂടിയത്.
31നു രാത്രിയിൽമാത്രം നടത്തിയ പരിശോധനയിൽ വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം എന്നീ ചെക്ക് പോസ്റ്റുകളിൽനിന്ന് 16,10,60 രൂപ പിടിച്ചെടുത്തു. ഈ സമയം മൂന്നു ചെക്ക്പോസ്റ്റുകളിൽനിന്നായി സർക്കാരിലേക്ക് വന്നത് 19,000 രൂപ മാത്രമാണ്.
അന്നുതന്നെ തിരുവനന്തപുരം പട്ടം രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽപരിശോധനയിൽ സബ് രജിസ്ട്രാറിൽനിന്നു കണക്കിൽപ്പെടാത്ത 5,200 രൂപയും ഓഫീസ് അറ്റൻഡറുടെ ഹെൽമറ്റിനടിയിൽ ഒളിപ്പിച്ചനിലയിൽ 2,340 രൂപയും വിജിലൻസ് പിടിച്ചെടുത്തിരുന്നു.