മാവോയിസ്റ്റ് രവിയും ലക്ഷ്മിയും കീഴടങ്ങി
Monday, February 3, 2025 5:02 AM IST
ഇരിട്ടി: ഒളിവിലായിരുന്ന മാവോയിസ്റ്റ് നേതാക്കളായ കോട്ടഹോണ്ട രവിയും ലക്ഷ്മിയും കർണാടകയിൽ സർക്കാരിനു മുന്നിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം ഉച്ചയോടെ ഫോറം ഫോർ സിവിൽ പീസ് അംഗങ്ങൾക്കൊപ്പം ചിക്കമഗളൂരു ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിൽ എത്തിയ രവീന്ദ്ര ജില്ല ഡെപ്യൂട്ടി കമ്മീഷണർ സി.എൻ. മീന നാഗരാജിന്റെ സാന്നിധ്യത്തിൽ കീഴടങ്ങുകയായിരുന്നു.
കേരളത്തിലും രവിക്കെതിരേ കേസുകൾ നിലവിലുണ്ട്. കർണാടകയിൽ മാത്രം രവിക്കെതിരേ 14 ഓളം കേസുകളാണ് ഉണ്ടായിരുന്നത്. പുനരധിവാസ പാക്കേജ് അനുസരിച്ച് ഏഴു ലക്ഷം രൂപയാണ് രവിക്ക് ലഭിക്കുക. ഇന്നലെയാണ് ഉഡുപ്പിയിൽ മറ്റൊരു മാവോയിസ്റ്റ് ലക്ഷ്മി കീഴടങ്ങിയത്. രാവിലെ 10ന് ഉഡുപ്പി ജില്ലാ പോലീസ് അധികാരിക്കു മുന്നിൽ ഫോറം ഫോർ സിവിൽ പീസ് അംഗങ്ങൾക്കൊപ്പമെത്തിയാണ് കീഴടങ്ങിയത്.
കർണാടകയിൽ മൂന്നോളം കേസുകളാണ് ലക്ഷ്മിയുടെ പേരിലുള്ളത്. കേരളത്തിൽ ലക്ഷ്മിയുടെ പേരിൽ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ആന്ധ്ര കേന്ദ്രീകരിച്ചായിരുന്നു ലക്ഷ്മി പ്രവർത്തിച്ചിരുന്നത്.