ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്ന ഏഴു പേർ അറസ്റ്റിൽ
Tuesday, February 4, 2025 3:18 AM IST
മൂലമറ്റം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയിൽ സാജൻ സാമുവലിനെ (47) കൊലപ്പെടുത്തി മൃതദേഹം മൂലമറ്റത്ത് കനാലിനു സമീപം തേക്കിൻകൂപ്പിൽ തള്ളിയ കേസിൽ ഏഴു പേർ പോലീസ് പിടിയിൽ.
മണപ്പാടി സ്വദേശി ഷാരോണ്‍ ബേബി, അറക്കുളം സ്വദേശി അശ്വിൻ കണ്ണൻ, കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു, മൂലമറ്റം താഴ്വാരം കോളനി അഖിൽ രാജു, ഇലപ്പള്ളി സ്വദേശി മനോജ്, മൂലമറ്റം സ്വദേശി പ്രിൻസ് അജേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൂന്നു പേരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
എരുമാപ്രയിൽ പള്ളിയുടെ പെയിന്റിംഗിനായി പോയ സംഘവും സാജനുമായി ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇവർ പോലീസിനു മൊഴി നൽകിയത്. കൊലക്കേസും കാപ്പയും ഉൾപ്പെടെ അനവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സാജൻ.
പെയിന്റിംഗ് ജോലിക്കായി ചെന്ന യുവാക്കൾക്ക് അവിടെ താമസിക്കാൻ ഷട്ടറിട്ട മുറി വാടകയ്ക്ക് കൊടുത്തിരുന്നു. അവിടെവച്ച് യുവാക്കളും സാജനുമായി വാക്കുതർക്കം ഉണ്ടാവുകയും സാജനെ വായിൽ തുണിതിരുകി കന്പിവടിക്ക് തലയ്ക്കടിച്ചു കൊന്ന് പായിൽ പൊതിഞ്ഞ് മുട്ടം സ്വദേശിയുടെ ഓട്ടോയിൽ കയറ്റി മൂലമറ്റത്തെ തേക്കുംകൂപ്പിൽ ഉപേക്ഷിക്കുകയുമായിരുന്നു. വാഹനമിടിച്ചു ചത്ത കാട്ടുപന്നിയാണന്നാണ് ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നത്. മൂലമറ്റത്ത് കെട്ട് ഇറക്കി തിരിച്ചുപോയ ഡ്രൈവർ സംശയം തോന്നി വീട്ടിൽ ചെന്ന് പിതാവിനോട് വിവരം പറഞ്ഞു.
ഇയാൾ കാഞ്ഞാർ എസ്ഐ ബൈജു പി. ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. രാത്രിയിൽ കാഞ്ഞാർ പോലീസ് തേക്കിൻകൂപ്പും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
പിറ്റേദിവസം രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കനാലിനോട് ചേർന്ന് കുറ്റിക്കാട്ടിൽ പായിൽ പൊതിഞ്ഞ നിലയിൽ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.സാജന്റെ ബന്ധുക്കളെത്തിയാണ് പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞത്.
ഇതിനിടെ പ്രതികൾ ചേർന്ന് മൃതദേഹം മറവു ചെയ്യാനും ശ്രമം നടത്തി. കുഴിയെടുക്കാനുള്ള ആയുധങ്ങളുമായി എത്തി ഇതിനുള്ള ശ്രമം നടത്തുന്നതിനിടെ തേക്കിൻകൂപ്പിലൂടെ പോലീസ് വാഹനം വരുന്നതുകണ്ട് ശ്രമം ഉപേക്ഷിച്ച് പോകുകയായിരുന്നു. പായുടെ പുറത്തേക്ക് നീണ്ടുനിന്ന കൈ വെട്ടിമുറിക്കുകയും ചെയ്തു.
പ്രതികളുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന സാജൻ മൂലമറ്റത്ത് പതിവായി വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഷാരോണിനെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലേക്കു കടക്കാൻ വാഗമണ്‍ വഴി ബസിനു പോകുന്പോഴാണ് വാഗമണ്‍ പോലീസിന്റെ സഹായത്തോടെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്.
മൃതദേഹം വാഹനത്തിൽ കയറ്റാൻ സഹായിച്ചവരാണ് ഇനി പിടിയിലാകാനുള്ളത്. കഞ്ചാവ്, മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായ പ്രതികൾ. രണ്ടാഴ്ച മുന്‍പ് സ്കൂട്ടറിൽ പോയ രണ്ട് കുട്ടികളെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളും ഇതിൽ ഉൾപ്പെടും.
കൊല്ലപ്പെട്ട സാജന്റെ പേരിൽ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, സംഘം ചേർന്ന് ആക്രമണം, പിടിച്ചുപറി, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ വിവിധ കേസുകളുണ്ട്.