യുവതി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവം; ഹോട്ടലുടമയും സംഘവും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന്
Tuesday, February 4, 2025 2:28 AM IST
മുക്കം: മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരി കെട്ടിടത്തില്‍നിന്നു ചാടിയ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധു.
മൂന്നുപേര്‍ ചേര്‍ന്നു താമസസ്ഥലത്ത് അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പ്രാണരക്ഷാർഥമാണ് യുവതി കെട്ടിടത്തില്‍നിന്ന് ചാടിയതെന്നും ബന്ധു പറഞ്ഞു. മൂന്നുമാസമായി യുവതി ജോലിക്ക് കയറിയിട്ട്.
ഹോട്ടല്‍ ഉടമ പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ആദ്യം ശ്രമിച്ചതായും പിന്നാലെ പ്രലോഭനത്തിന് ശ്രമിച്ചതായും മോശം സന്ദേശങ്ങള്‍ അയച്ചിരുന്നതായും ബന്ധു പറഞ്ഞു.
പ്രതികളെ പിടിക്കാന്‍ വൈകുന്നതില്‍ സംശയമുണ്ടെന്നും പെണ്‍കുട്ടിയുടെ നട്ടെല്ലിനും ഇടുപ്പിനും പരിക്കുണ്ടെന്നും ബന്ധു പറഞ്ഞു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയില്‍നിന്ന് കണ്ണൂര്‍ സ്വദേശിനിയായ യുവതി ചാടിയത്.
ശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍വാസികളും നാട്ടുകാരും യുവതിയെ മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് യുവതി. ഹോട്ടല്‍ ഉടമയും മറ്റു രണ്ടുപേരും രാത്രി താന്‍ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനായി താഴേക്ക് എടുത്തു ചാടുകയായിരുന്നുവെന്നു യുവതി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും മറ്റു രണ്ടുപേർക്കുമെതിരേ മുക്കം പോലീസ് കേസെടുത്തു.
അതിക്രമിച്ച് കടക്കല്‍, മാനഹാനിയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായും പ്രതികളെ പിടികൂടാത്തത് സ്വാധീനത്തിന് വഴങ്ങിയാണെന്നും ആരോപണമുണ്ട്.