അബ്ദുൾ റഹീമിന്റെ മോചനം: ഏഴാം തവണയും റിയാദ് കോടതി ഹര്‍ജി മാറ്റി
Monday, February 3, 2025 5:02 AM IST
കോഴിക്കോട്: 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാതെ കേസ് പരിഗണിക്കുന്നത് തുടര്‍ച്ചയായ ഏഴാം തവണയും റിയാദിലെ കോടതി മാറ്റിവച്ചു.
ഇന്നലെ രാവിലെ ഹര്‍ജി പരിഗണിച്ച കോടതി പ്രത്യേക കാരണമൊന്നും പറയാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളില്‍നിന്നു വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഇതിനുമുമ്പു ഹര്‍ജി പരിഗണിച്ച വേളകളിലെല്ലാം കൂടുതല്‍ പരിശോധന ആവശ്യമാണെന്നു പറഞ്ഞു കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു.
സ്പോണ്‍സറുടെ മകനായ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ 2006ല്‍ അബ്ദുൾ റഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. റിയാദില്‍ ഹൗസ് ഡ്രൈവറായി നിയമനം ലഭിച്ച അബ്ദുൾ റഹീമിന്റെ ചുമതല ശാരീരിക വൈകല്യമുള്ള അനസ് അല്‍ ശാഹിരിയെ പരിചരിക്കലായിരുന്നു.
ഇരുവരും കാറില്‍ സഞ്ചരിക്കുന്നതിനിടെ വഴക്കുണ്ടായി. അതിനിടെ അബ്ദുൾ റഹീമിന്റെ കൈ തട്ടി അനസ് അല്‍ ശാഹിരിയുടെ ശരീരവുമായി ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും അനസ് അല്‍ ശാഹിരി മരണമടയുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നിരന്തരമായി നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ ദയാധനം സ്വീകരിച്ച് അബ്ദുൾ റഹീമിന് മാപ്പു സല്‍കാന്‍ മരണമടഞ്ഞ സൗദി ബാലന്റെ കുടുംബം സന്നദ്ധരാവുകയായിരുന്നു. ഇതുപ്രകാരം ജനകീയമായി സമാഹരിച്ച 34 കോടി രൂപ ഇന്ത്യന്‍ എംബസി മുഖേനെ റിയാദ് കോടതിയില്‍ കെട്ടിവച്ചിട്ടുണ്ട്. തുടര്‍ നടപടികളുടെ ഭാഗമായി അബ്ദുൾ ഹീമിന്റെ വധശിക്ഷ കോടതി ഒഴിവാക്കിയെങ്കിലും അദേഹം ജയിലില്‍ തന്നെ കഴിയുകയാണ്. കോടതി മോചന ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ റഹീമിന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.