വിശുദ്ധ കുർബാനയർപ്പണത്തിനിടെ അക്രമം: സഭാപരമായ ശിക്ഷണനടപടികൾ ആരംഭിച്ചു
Tuesday, February 4, 2025 3:18 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി പള്ളിയിൽ വയോധികനായ ഫാ. ജോൺ തോട്ടുപുറം വിശുദ്ധ കുർബാനയർപ്പിക്കുന്നതിനിടെ അക്രമപ്രവർത്തനങ്ങൾ നടത്തിയ കലാപകാരികളുടെമേൽ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സഭാപരമായ ശിക്ഷണനടപടികൾ ആരംഭിച്ചതായി സീറോമലബാർ സഭാ മീഡിയ കമ്മീഷൻ അറിയിച്ചു.
ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരിൽ അതിരൂപതയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ അതീവ വേദനാജനകവും അപലപനീയവുമാണ്. ഫാ. തോട്ടുപുറത്തെ കുർബാനയർപ്പണത്തിനിടെ അൾത്താരയിൽനിന്നു ബലപ്രയോഗത്തിലൂടെ ഇറക്കിവിടുകയും അക്രമാസക്തരായ ഏതാനും പേർ ചേർന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ദൈവവിശ്വാസികൾക്ക് ഉതപ്പും വേദനയും ഉളവാക്കുന്നു.
സാമാന്യബോധമുള്ളവർക്കു ചിന്തിക്കാൻ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്. പരിശുദ്ധ കുർബാന ചൊല്ലിക്കൊണ്ടിരുന്ന കാർമികനെ ബലപ്രയോഗത്തിലൂടെ തള്ളിവീഴ്ത്തുകയും അതിവിശുദ്ധ സ്ഥലമായ മദ്ബഹയുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്തതുവഴി എന്തു നേട്ടമാണ് അക്രമകാരികൾ സ്വന്തമാക്കിയത്?
സഭയെ അനുസരിക്കാൻ തയാറാകുന്നവരെ അക്രമങ്ങളിലൂടെ ഒറ്റപ്പെടുത്താനും നിർവീര്യമാക്കാനുമാണു ശ്രമം. ഹീനമായ ഒറ്റപ്പെടുത്തലിലൂടെയും ഭയാനകമായ ഭീഷണികളിലൂടെയും ക്രൂരമായ ശാരീരിക ഉപദ്രവങ്ങളിലൂടെയുമാണ് അനേകം വൈദികരെ ഇവർ സ്വാധീനിക്കുന്നത്.
അക്രമങ്ങളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിലച്ചാൽ കുറേയേറെ വൈദികർ സഭയെ അനുസരിക്കാൻ തയാറാകുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ സംഭവംകൂടിയാണ് പ്രസാദഗിരി ഇടവകപ്പള്ളിയിൽ നടന്നത്.
സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാനപാലകരായ പോലീസിനെ ഭീഷണികളിലൂടെ നിർവീര്യമാക്കുകയും ചെയ്ത് അതിരൂപതയിൽ അരാജകത്വം വിതയ്ക്കുന്ന വൈദികരും അല്മായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തുന്നതെന്ന് ഓർക്കണം.
സമാധാനപൂർവം വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരിൽ, അക്രമകാരികളായ സഭാവിരുദ്ധരുടെ നുണക്കഥകളുടെ അടിസ്ഥാനത്തിലാണു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്. ഈ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മീഡിയ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.