തലവേദനമൂലം ക്ലാസ് മുറിയിൽ വിശ്രമിച്ച വിദ്യാർഥിനി മരിച്ചു
Tuesday, February 4, 2025 3:18 AM IST
തൃശൂർ: തലവേദനമൂലം ക്ലാസ് മുറിയിൽ കിടന്ന വിദ്യാർഥിനി മരിച്ചു. പുന്നംപറന്പ് ആറ്റുപുറം സ്വദേശിയും മുൻ സൈനികനുമായ കറുകയിൽ താഴത്ത് വീട്ടിൽ കണ്ണൻ എന്ന മോഹൻകുമാറിന്റെയും അജിതയുടെയും മകൾ കൃഷ്ണപ്രിയ (13) യാണു മരിച്ചത്. രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സംഭവം.
തലവേദനമൂലം ബെഞ്ചിൽ തലവച്ചുകിടന്ന കുട്ടിയെ ഇന്നലെ ഉച്ചകഴിഞ്ഞു 2.45ന് സഹപാഠികൾ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് അനക്കമില്ലെന്നു കണ്ടെത്തിയത്.
പതിമൂന്നുകാരിയായ കൃഷ്ണപ്രിയ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്. രാവിലെമുതൽ കനത്ത തലവേദനയെത്തുടർന്ന് കുട്ടി ക്ലാസ്മുറിയിലെ ബെഞ്ചിൽ മയങ്ങി. ഉച്ചഭക്ഷണത്തിനുശേഷം വീണ്ടും മയങ്ങിയ കുട്ടിയെ സഹപാഠികൾ ഉണർത്താൻ ശ്രമിച്ചപ്പോഴാണു അനക്കമില്ലെന്നു മനസിലായത്.
അധ്യാപകരും സഹപാഠികളും ചേർന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. സഹോദരി: കൃഷ്ണപ്രഭ. സംസ്കാരം ഇന്നു നടക്കും.