മില്‍മ പാല് വില ഇന്‍സെന്റീവ് 15 രൂപയാക്കി
Tuesday, February 4, 2025 2:28 AM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന് സംഘങ്ങളില്‍ നിന്നു സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 15 രൂപ ഇൻസന്റീവ് നൽകും. 2024 ഓഗസ്റ്റ് 11 മുതല്‍ പ്രോത്സാഹന അധികവിലയായി നല്കിക്കൊണ്ടിരിക്കുന്ന 10 രൂപയാണ് ഫെബ്രുവരി ഒന്നു മുതൽ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് 15 രൂപയാക്കി വർധിപ്പിച്ചത്.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ലധികം പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതില്‍ എട്ടു രൂപ കര്‍ഷകനും ഏഴു രൂപ സംഘത്തിനും സംഘത്തിനു നല്കുന്ന ഏഴു രൂപയില്‍നിന്ന് ഒരു രൂപ മേഖലാ യൂണിയന്റെ ഷെയറായും മാറ്റും. മേഖലാ യൂണിയന്റെ പ്രവര്‍ത്തന ലാഭത്തില്‍നിന്ന് 24 കോടി രൂപയാണ് ഈയിനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള അറിയിച്ചു.
ഫാം സെക്ടറിലെ കര്‍ഷകര്‍ക്കായി കൂടുതല്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെയര്മാന് അറിയിച്ചു. എറണാകുളം മേഖലാ യൂണിയന് ആരംഭിച്ച മില്‍മ റിഫ്രഷ് വെജ് ശൃംഖലയുടെ തൃശൂര്‍ ജില്ലയിലെ രണ്ടാമത്തെ റസ്റ്ററന്റ് മില്‍മ ട്രെയിനിംഗ് സെന്റര്‍ കോമ്പൗണ്ടിനോടു ചേര്‍ന്ന് മാര്‍ച്ച് 31 ന് മുന്‍പ് തുടങ്ങും.
യൂണിയന് ചാലക്കുടിയില്‍ ആരംഭിച്ച ബേക്കറി യൂണിറ്റ് വിജയകരമാണ്. മൂവാറ്റുപുഴ, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളിലും ബേക്കറി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും ചെയര്മാന് പറഞ്ഞു.