മുനന്പം: സർക്കാരിനോടു കോടതി; ജുഡീഷൽ കമ്മീഷനെ നിയമിക്കാന്‍ അധികാരമുണ്ടോ?
Tuesday, February 4, 2025 3:18 AM IST
കൊച്ചി: മുനമ്പത്തേതു വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയിരിക്കേ, ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്നു ഹൈക്കോടതി.
വഖഫ് വസ്തുവായി പ്രഖ്യാപിച്ചുകഴിഞ്ഞ ഭൂമിയില്‍ ട്രൈബ്യൂണലിനു മുന്നില്‍ തീരുമാനത്തിനായി ഇരിക്കവേ എങ്ങനെയാണ് ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കാന്‍ കഴിയുകയെന്നും സര്‍ക്കാരിന് അതിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു.
എന്നാല്‍ മുനമ്പത്തു നടക്കുന്നത് വസ്തുതാന്വേഷണമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് വിശദീകരിച്ചു. മുനമ്പത്തേതു വഖഫ് ഭൂമിയല്ലെന്ന് കോഴിക്കോട് ഫാറൂഖ് കോളജും വിശദീകരിച്ചു.
മുനമ്പത്തേതു വഖഫ് ഭൂമിയല്ലെന്ന് ജുഡീഷല്‍ കമ്മീഷന് കണ്ടെത്താനാകുമോയെന്നും ടേംസ് ഓഫ് റഫറന്‍സ് എവിടെയെന്നും കോടതി വീണ്ടും ചോദിച്ചു. കുടിയിറക്കുഭീഷണി നേരിടുന്ന ആളുകള്‍ കൈവശം വച്ചിരിക്കുന്ന രേഖകളുടെ നിയമപരമായ സാധുത എന്താണെന്നും കോടതി ചോദിച്ചു.
മുനമ്പം വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ കേരള വഖഫ് സംരക്ഷണവേദി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് സര്‍ക്കാരിനോട് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
അതേസമയം മുനമ്പത്തെ വഖഫ് വസ്തുക്കൾ സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ മുനമ്പത്തു നിയോഗിച്ചത് അന്വേഷണ കമ്മീഷനല്ലെന്നും വസ്തുതാപരിശോധന കമ്മീഷനാണെന്നും അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് കോടതിയെ അറിയിച്ചു. അതിന് ജുഡീഷല്‍ അധികാരങ്ങളില്ല.
മുനമ്പം ഭൂമിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിനു മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. ഫാറൂഖ് കോളജിനോട് സ്വത്ത് വഖഫ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതു രജിസ്റ്റര്‍ ചെയ്തിട്ടില്ല. വഖഫ് സ്വത്തായി വഖഫ് ബോര്‍ഡ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
ഹര്‍ജിയെ എതിര്‍ക്കുന്ന മുനമ്പത്തെ പ്രദേശവാസികളുടെ ഉപഹര്‍ജിയും പരിഗണനയ്ക്കു വന്നെങ്കിലും ഇതില്‍ എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്യാനുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി തുടര്‍ വാദത്തിനായി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.