മിഹിർ അഹമ്മദിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുഡിഎഫ് കണ്‍വീനറുടെ കത്ത്
Monday, February 3, 2025 4:40 AM IST
തിരുവനന്തപുരം: തൃപ്പൂണിത്തുറ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി മിഹിർ അഹമ്മദിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ മുഖ്യമന്ത്രിക്കു കത്ത് നൽകി. സഹപാഠികളുടെ ക്രൂരമായ റാഗിംഗിനെ തുടർന്നാണ് മകൻ മരിച്ചതെന്നു മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. ഒരുകൂട്ടം വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തു.
സ്കൂളിലും ബസിലും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മകന്റെ സുഹൃത്തുക്കളിൽ നിന്ന് ഇതിനുള്ള തെളിവ് ലഭിച്ചിട്ടുണ്ട്. വാഷ്റൂമിൽ കൊണ്ടുപോയാണ് ക്രൂരമായി മർദിച്ചത്. മകന്റെ മുഖം ബലാത്കാരമായി ക്ലോസറ്റിൽ മുക്കിയ ശേഷം ഫ്ളഷ് അടിച്ചു.
ശാരീരികമായി ഉപദ്രവിക്കുകയും നിറത്തിന്റെ പേരിൽ പരിഹസിക്കുകയും ചെയ്തുവെന്നും അവരുടെ വീട് സന്ദർശിച്ചപ്പോൾ മാതാപിതാക്കൾ തന്നോട് നേരിട്ടു പരാതി പറഞ്ഞു. ഇത്തരത്തിലുള്ള ക്രൂരമായ റാഗിംഗ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എം.എം. ഹസൻ കത്തിൽ ആവശ്യപ്പെട്ടു.