വൈദികനെ ആക്രമിച്ച സംഭവം അപലപനീയം: കത്തോലിക്ക കോണ്‍ഗ്രസ്
Monday, February 3, 2025 5:02 AM IST
കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ തയാറാകുന്ന വൈദികരെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
പ്രസാദഗിരി വരിക്കാംകുന്ന് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം അലങ്കോലപ്പെടുത്തുകയും കാര്‍മികനെ ബലിപീഠത്തില്‍നിന്നു വലിച്ചിഴച്ച് മാറ്റി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഉത്തരവാദികളാവര്ക്കെതിരേ കേസെടുക്കാന്‍ പോലീസും മനുഷ്യാവകാശ കമ്മീഷനും തയാറാകണം. പ്രസാദഗിരി പള്ളി മുന്‍ വികാരി ഫാ . ജെറിന് പാലത്തിങ്കലിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സഭാനേതൃത്വം തയാറാകണം .
പരിക്കേറ്റ ഫാ. ജോണ്‍ തോട്ടുപ്പുറത്തിനെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ എറണാകുളം-അങ്കമാലി അതിരൂപത ഭാരവാഹികള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഏകീകൃത കുര്‍ബാന വിഷയത്തില്‍ യാതൊരു വിധ വിട്ടുവീഴ്ചയും അനുവദിക്കരുതെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ മേജര്‍ ആര്ച്ച്ബിഷപ്പിനോടും സിനഡ് പിതാക്കന്മാരോടും ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍, ഭാരവാഹികളായ ഡോ.ജോസ്കുട്ടി ജെ. ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, ഫ്രാന്‍സിസ് മൂലന്, സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, എസ്.ഐ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.