സ്വിഗ്ഗി ജീവനക്കാരന് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
Tuesday, February 4, 2025 2:28 AM IST
കോഴിക്കോട്: സ്വിഗ്ഗി ജീവനക്കാരനായ യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എലത്തൂര്‍ തിരുത്തിക്കുന്ന് മാലക്കല് വീട്ടില്‍ പരേതനായ രാജന്റെ മകന് രഞ്ജിത്തി(43) നെയാണ് ബൈപാസ് ജംഗ്ഷനില്‍നിന്നും മലാപറമ്പ് ഭാഗത്തേക്കു പോകുന്ന വഴിയിലെ കുരിയത്തോടിനു സമീപം റോഡരികിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്വിഗ്ഗിയുടെ യൂണിഫോമായിരുന്നു യുവാവ് ധരിച്ചിരുന്നത്. ബാഗില്‍ ഭക്ഷണസാധനങ്ങളുമുണ്ടായിരുന്നു. ഇതോടെയാണ് സ്വിഗ്ഗിയുടെ ജീവനക്കാരനാണെന്നു തിരിച്ചറിഞ്ഞത്. അതേസമയം, ബാഗില്‍നിന്നും ആദ്യം ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉമ്മളത്തൂര്‍ സ്വദേശി മിഥുന്റേതായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മിഥുന് വീട്ടിലുണ്ടെന്നു കണ്ടെത്തി. മിഥുനും സ്വിഗ്ഗി ജീവനക്കാരനാണ്. മിഥുന്റെ പഴ്സും തിരിച്ചറിയല്‍ കാര്‍ഡും ഒരു മാസം മുമ്പു നഷ്ടപ്പെട്ടതാണ്.
ബാഗില്‍നിന്നും കിട്ടിയ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതോടെയാണ് എലത്തൂര്‍ സ്വദേശിയായ രഞ്ജിത്താണു മരിച്ചതെന്ന് തിരച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി ഒന്നരയോടെ ഭക്ഷണവിതരണത്തിനായി പോകുന്നതിനിടെയാണ് രഞ്ജിത് അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണംവിട്ട് വെള്ളക്കെട്ടിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം.