മുനമ്പത്തുനിന്ന് ഒരാളെപ്പോലും കുടിയിറക്കാന്‍ അനുവദിക്കില്ല: കെ.സുരേന്ദ്രന്
Monday, February 3, 2025 4:40 AM IST
കൊച്ചി: മുനമ്പത്തുനിന്ന് ഒരാളെപ്പോലും കുടിയിറക്കാന്‍ ബിജെപി അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സമരത്തിന്റെ അവസാനംവരെ പാര്‍ട്ടി സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും സുരേന്ദ്രന് ഉറപ്പ് നല്കി. മുനമ്പം ഭൂസംരക്ഷണ സമിതി നടത്തിവരുന്ന റിലേ നിരാഹാര സത്യഗ്രഹ സമരപ്പന്തൽ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തു വന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം അഭിപ്രായം മാറ്റുന്നവരാണ് മറ്റു രാഷ്ട്രീയനേതാക്കള്‍. അവരുടെ വികലമായ മതേതര കാഴ്ചപ്പാടിന്റെ ഫലമാണത്. മുനമ്പത്തെ ഭൂമി വഖഫിന്റേതല്ല എന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്ക്കാന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തയാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
വഖഫ് നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നതോടെ മുനമ്പം ഉള്‍പ്പെടെയുള്ള വഖഫ് അധിനിവേശത്തിന് ശാശ്വത പരിഹാരം ഉണ്ടാകും. കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രമേയം പിന്‍വലിക്കാനും കേരളത്തിലെ 28 എംപിമാരും പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതിക്ക് അനുകൂലമായി കൈ ഉയര്‍ത്താനും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു എന്നിവരും ഒപ്പമുണ്ടായിരുന്നു.