കിഫ്ബി പദ്ധതിപ്രകാരം സംസ്ഥാനത്തു നിർമിക്കുന്ന റോഡുകളിൽനിന്ന് ടോൾ പിരിക്കാൻ സർക്കാർ ധാരണ
Tuesday, February 4, 2025 3:18 AM IST
തിരുവനന്തപുരം : നയപരമായ കാര്യങ്ങൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ സിപിഎം ഒറ്റയ്ക്കു തീരുമാനിക്കുന്നുവെന്ന പരാതി മുന്നണിയിൽ നിലനിൽക്കെ വിവാദമായേക്കാവുന്ന മറ്റൊരു നീക്കം കൂടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു.
സംസ്ഥാനത്ത് കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളിൽനിന്ന് ടോൾ പിരിക്കാൻ സർക്കാർ തലത്തിൽ ധാരണയായി. 50 കോടി രൂപയ്ക്കു മുകളിൽ ചെലവിൽ നിർമാണം നടത്തുന്ന റോഡുകളിൽ അന്യസംസ്ഥാനങ്ങളിൽ ചെയ്യുന്നതുപോലെ ടോൾ ഈടാക്കാനാണു നീക്കം. ഇക്കാര്യത്തിൽ ഔദ്യോഗികമായി തീരുമാനമൊന്നും സർക്കാർ തലത്തിൽ ഇതുവരെയും കൈക്കൊണ്ടിട്ടില്ലെങ്കിലും നിയമപരമായി മുന്നോട്ടു പോകാനാണു സർക്കാരിനു സിപിഎം നൽകിയിരിക്കുന്ന നിർദേശം.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തിനു തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണു ദേശീയ ഹൈവേ അഥോറിറ്റി ടോൾ പിരിക്കുന്ന മാതൃകയിൽ സമാനമായി കിഫ്ബിയും ടോൾ പിരിക്കാനൊരുങ്ങുന്നത്. ടോൾ പിരിക്കുന്ന കാര്യത്തിൽ മന്ത്രിസഭ നേരത്തേ ആലോചന നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിരുന്നില്ല.
50 കോടിക്കു മുകളിൽ തുക ചെലവഴിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കണമെന്നു മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത യോഗങ്ങളിൽ കിഫ്ബി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതു സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ ഉപകരിക്കുമെന്ന നിർദേശമാണ് ആ യോഗങ്ങളിൽ കിഫ്ബി മുന്നോട്ടു വച്ചത്.
പാലക്കാട് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദമായിരിക്കെയാണു ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ മറ്റൊരു തീരുമാനം കൂടി സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്.
ബ്രൂവറിക്കെതിരേ സിപിഐയും പിന്നാലെ ജെഡിഎസും കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കിഫ്ബിയിലെ ടോൾ പിരിവും ഇടതുമുന്നണിയിൽ വിവാദമാകാനാണിട.