പി.പി. ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ കമ്മിറ്റി
Monday, February 3, 2025 4:40 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായിരുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഇത്രയും നാൾ സംരക്ഷണം നൽകിയ പാർട്ടിയും കൈവിട്ടു. നവീൻബാബുവിനെ മരണത്തിലേക്ക് നയിച്ചത് യാത്രയയപ്പ് വേളയിൽ കടന്നുചെന്ന് പി.പി. ദിവ്യ നടത്തിയ പ്രസംഗമാണെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
പാർട്ടി ജില്ലാ സമ്മേളനത്തിനിടെ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് എം.വി. ജയരാജൻ ഇക്കാര്യം പരസ്യമായി പറഞ്ഞത്.
യാത്രയയപ്പ് വേളയിൽ ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന ഭാഗത്തെ പരാമർശം തെറ്റാണെന്ന് പാർട്ടിക്ക് ബോധ്യമായതുകൊണ്ടാണ് നടപടിയെടുത്തത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാർട്ടിക്കുള്ളതെന്നുമായിരുന്നു എം.വി. ജയരാജൻ പറഞ്ഞത്.
ജില്ലാ സമ്മേളനത്തിന്റെ ആദ്യദിവസത്തെ ചർച്ചയിൽ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഭൂരിപക്ഷം അംഗങ്ങളും ദിവ്യയുടെ തെറ്റായ നിലപാടും അമിതാവേശത്തിലുള്ള പ്രസംഗവുമാണ് നവീൻ ബാബുവിന്റെ മരണത്തിന് കാരണമായതെന്നാണ് കുറ്റപ്പെടുത്തിയത്. ഇക്കാര്യത്തിൽ പാർട്ടി തുടക്കം മുതലേ സ്വീകരിച്ച നിലപാട് ശരിയായ രീതിയിലുള്ളതല്ലെന്നും ദിവ്യയോടുള്ള മൃദുസമീപനം പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും ഇവർ ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും നിലപാട് തിരുത്താൻ പാർട്ടി തയാറാകണമെന്നായിരുന്നു വിമർശകരുടെ ആവശ്യം.
നേരത്തെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ദിവ്യയെ വിമർശിച്ചിട്ടും കണ്ണൂർ ജില്ലാ ഘടകം മൃദുസമീപനമായിരുന്നു പിന്തുടർന്നത്. ഇതോടെയാണ് കഴിഞ്ഞ ദിവസം വരെ പി.പി. ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കിയിരുന്നവർക്കുതന്നെ അവരെ തള്ളി പറയേണ്ടി വന്നത്.