ഒയാസിസിനുവേണ്ടി സർക്കാർ മദ്യനയം മാറ്റി: പ്രതിപക്ഷനേതാവ്
Tuesday, February 4, 2025 3:18 AM IST
കൊച്ചി: ഒയാസിസ് കമ്പനിക്ക് പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ്.
ഒയാസിസിനുവേണ്ടി മദ്യനയം മാറ്റിയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണു കന്പനി പ്ലാന്റ് സ്ഥാപിക്കുന്നതിന് എത്തിയതെന്നും വി.ഡി. സതീശൻ കൊച്ചിയിൽ പത്രസമ്മേളനത്തിൽ രേഖകളുയർത്തി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ എക്സൈസ് മന്ത്രി പറഞ്ഞതു നുണകളാണ്. മദ്യനയത്തില്‍ മാറ്റമുണ്ടായപ്പോള്‍ ഒയാസിസ് കമ്പനി നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതെന്നാണു മന്ത്രി പറഞ്ഞത്.
മദ്യനയം മാറി മദ്യനിര്‍മാണശാല തുടങ്ങുന്ന വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അല്ലാതെ കേരളത്തിലെ ഒരു ഡിസ്റ്റിലറികളും അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്നു ഞങ്ങള്‍ ചോദിച്ചു. അപ്പോഴും അവര്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നായിരുന്നു മന്ത്രിയുടെ വാദം.
എന്നാൽ, പദ്ധതിക്ക് ആവശ്യമായ വെള്ളം ആവശ്യപ്പെട്ട് ഒയാസിസ് 2023ൽ സംസ്ഥാന ജല അഥോറിറ്റിക്കു നല്കിയ അപേക്ഷയില്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണു പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ്. 2025 ലാണ് പ്ലാന്റിന് അനുമതി നല്‍കിയത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐഒസിയുടെ അംഗീകാരം കിട്ടിയതുകൊണ്ടാണ് ഈ കമ്പനിക്ക് അനുവാദം നല്‍കിയതെന്ന മന്ത്രിയുടെ വാദവും തെറ്റാണ്. ഐഒസിയുടെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ഒയാസിസ് വാട്ടര്‍ അഥോറിറ്റിക്ക് അപേക്ഷ നല്‍കിയത്.
ഐഒസിയുടെ അംഗീകാരം ഉള്ളതുകൊണ്ടാണ് ഒയാസിസ് പ്ലാന്റിന് അനുമതി നല്‍കിയതെന്നാണു മന്ത്രി പറഞ്ഞത്. ഐഒസി അംഗീകാരത്തിനു മുന്‍പേ സംസ്ഥാന സര്‍ക്കാര്‍ ഒയാസിസിന് ഇന്‍വിറ്റേഷന്‍ നല്കി. ഐഒസിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പുതന്നെ ഒയാസിസിനെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു.
ഒയാസിസ് അപേക്ഷ നല്കിയ ദിവസംതന്നെ വെള്ളം നല്‍കാമെന്നു വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ കമ്പനിയെ അറിയിച്ചു. ഇക്കാര്യത്തിൽ വാട്ടര്‍ അഥോറിറ്റിക്കു വലിയ തിടുക്കമായിരുന്നു.
2023 ല്‍ ഐഒസി മുന്നോട്ടുവച്ച എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റില്‍ കേരളത്തില്നിന്നടക്കം എഥനോള്‍ ലഭ്യമാക്കണമെന്നാണു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 2023ല്‍ കേരളത്തില്‍ എഥനോള്‍ പ്ലാന്റിന് അംഗീകാരം ഇല്ലാതെയാണ് ഒയാസിസ് ടെന്‍ഡറില്‍ പങ്കെടുത്തത്.
നയത്തിനു മുന്‍പേ ഡീൽ!
കേരളത്തിലെ മദ്യനയം മാറ്റുന്നതിനു മുന്‍പുതന്നെ ഒയാസിസ് കമ്പനിയുമായി സര്‍ക്കാര്‍ ഡീല്‍ ഉറപ്പിച്ചെന്നു രേഖകള്‍ വ്യക്തമാക്കുന്നതായി പ്രതിപക്ഷ നേതാവ്. ഈ കമ്പനിക്കുവേണ്ടിയാണ് മദ്യനയം മാറ്റിയത്.
മദ്യനയം മാറ്റുന്നതിന് മുന്‍പുതന്നെ ഈ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. ഐഒസിയുടെ അംഗീകാരം വാങ്ങിയതുപോലും വാട്ടര്‍ അഥോറിറ്റിയുടെ അനുമതി വാങ്ങിയശേഷമാണ്. ഇതിനെയാണ് കമ്പനിക്ക് ഐഒസിയുടെ അംഗീകാരമുണ്ടെന്ന തരത്തില്‍ മന്ത്രി വലിയ കാര്യമായി പറഞ്ഞത്.
വലിയൊരു ഡീലിന്റെ ഭാഗമായാണ് മദ്യനയം മാറ്റി മദ്യനിര്‍മാണശാല തുടങ്ങാന്‍ ഈ കമ്പനിക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ അറിവോടെ എക്സൈസ് മന്ത്രിയുമായാണ് കമ്പനി ഡീല്‍ നടത്തിയതെന്നും സതീശൻ ആരോപിച്ചു.