ചെക്പോസ്റ്റുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നിർദേശം
Tuesday, February 4, 2025 2:28 AM IST
റെനീഷ് മാത്യു
കണ്ണൂർ: അതിർത്തി ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്. ഇവിടെനിന്ന് പിൻവലിക്കുന്ന ഉദ്യോഗസ്ഥരെ ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, മറ്റ് പൗരസേവന അപേക്ഷകൾ എന്നിവ തീർക്കുന്നതിന് നിയോഗിക്കണം.
വാഹൻ, സാരഥി എന്നിവയുമായി ബന്ധപ്പെട്ട പൗരസേവനങ്ങൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും ഈ ഫയലുകൾ തീർക്കാനാണ് ചെക്പോസ്റ്റിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
ഓരോ ജില്ലയിലെയും ചെക്പോസ്റ്റിൽ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും ഒരു അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും ഒരു ഓഫീസ് അറ്റൻഡറെയും റൊട്ടേഷൻ അടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് നിയമിക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്ക് നിർദശം നൽകിയിട്ടുണ്ട്.
ചെക്പോസ്റ്റുകളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിസമയം രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രമായിരിക്കും. ഈ സമയ പരിധിക്കപ്പുറം ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ തുടരേണ്ടതില്ലെന്നും നിർദേശമുണ്ട്. നിലവിൽ 20 അതിർത്തി ചെക്പോസ്റ്റുകളിലും അഞ്ചുമുതൽ 10വരെ ജീവനക്കാരുണ്ടായിരുന്നു.
ഇനി മൂന്നുപേർ മതിയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ചെക്പോസ്റ്റ് കടന്നുവരുന്ന വാഹനങ്ങൾ എൻഫോഴ്സ്മെന്റ് വിംഗ് റോഡിൽ പരിശോധിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ചെക്പോസ്റ്റിൽ ഉള്ളവരെ ആർടിഒ, സബ് ആർടിഒ ഓഫീസിലേക്കു മാറ്റുമ്പോൾ എൻഫോഴ്സ്മെന്റിൽ ഉള്ളവരെ ചെക്പോസ്റ്റിലേക്ക് നിയമിക്കാം എന്നും ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവു പ്രകാരം എൻഫോഴ്സ്മെന്റിൽ ആളുകളുടെ ക്ഷാമം രൂക്ഷമാകും.