രണ്ടര വയസുകാരിയുടെ കൊലപാതകം: ചുരുളഴിക്കാനാകാതെ പോലീസ്
Tuesday, February 4, 2025 2:28 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ മരണത്തിൽ ചുരുളഴിക്കാനാകാതെ പോലീസ്. ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അമ്മ ശ്രീതുവിനെ കൂടുതൽ ചോദ്യം ചെയ്യും.
ശ്രീതുവിന്റെ ഫോണിലെയും സഹോദരൻ ഹരികുമാറിന്റെ ഫോണിലെയും വാട്സ് ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.
കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്നാണ് ഹരികുമാർ പോലീസിനോട് പറഞ്ഞത്. പലപ്പോഴും സ്ഥിരതയില്ലാത്തതും പരസ്പര വിരുദ്ധവുമായി കാര്യങ്ങൾ പറഞ്ഞിരുന്ന ഹരികുമാറിനെ മാനസിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ഈ കേസിലും കൂടുതൽ ചോദ്യം ചെയ്യും. നിലവിൽ പത്ത് പേരെ കബളിപ്പിച്ച് ശ്രീതു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിരവധിപ്പേർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ എസ്പി കെ. എസ്. സുദർശനന്റെ നിർദേശാനുസരണം നെയ്യാറ്റിൻകര ഡിവൈഎസ്പി. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥയെന്ന പേരിൽ വ്യാജ നിയമന കത്ത് നൽകി യുവാവിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ ശ്രീതു അറസ്റ്റിലുള്ളത്.ഷിജു എന്ന യുവാവിനെയാണ് കബളിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്തത്.
ഇയാളുടെ പരാതിയെ തുടർന്നാണ് വ്യാജ നിയമന ഉത്തരവ് കത്ത് പോലീസിന് ലഭിച്ചത്. നിയമന കത്ത് തയാറാക്കാൻ ശ്രീതുവിന് പുറമേ നിന്ന് സഹായം ലഭിച്ചിരുന്നുവെന്നതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.